തൊടുപുഴ: വ്യാപകമായി നെൽപാടം നികത്തുന്നുവെന്ന പരാതി അന്വേഷിക്കാൻ സ്ഥലത്തെത്തിയ വനിത കൃഷി ഓഫീസർക്കും ഉദ്യോഗസ്ഥർക്കുംനേരേ ഭൂ മാഫിയയുടെ ഭീഷണി. പാടം നികത്തിയയാൾ ഇന്നലെ കരിമണ്ണൂർ കൃഷി ഭവനിലെത്തി ഭീഷണി മുഴക്കിയതിനെതുടർന്ന് കൃഷി ഓഫീസറും ജീവനക്കാരും ഓടി രക്ഷപെട്ടു.
വിവരമറിഞ്ഞ് കരിമണ്ണൂർ എസ്ഐ കെ. സുധീറിന്റെ നേൃതൃത്വത്തിലെത്തിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തതിനു ശേഷമാണ് ജീവനക്കാർക്ക് തിരികെ ഓഫീസിൽ പ്രവേശിക്കാനായത്. സംഭവത്തിൽ റിട്ട. കോളജ് അധ്യാപകനായ എറണാകുളം ഏരൂർ പോത്തുമുറിയിൽ കെ.ജെ. മത്തായി (58)യാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. തെരഞ്ഞെടുപ്പിന്റെ മറവിൽ കരിമണ്ണൂർ മുളപ്പുറം ഭാഗത്ത് നെൽപാടം മണ്ണിട്ടു നികത്തുന്നതായുള്ള പരാതി ലഭിച്ചതിനെതുടർന്ന് കഴിഞ്ഞദിവസം കൃഷി ഓഫീസർ പി.ഐ. റഷീദയും മൂന്നു വനിത ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകുന്നതിനായി തയാറെടുക്കുന്നതിനിടയിലാണ് ഇയാൾ കൃഷി ഓഫീസിലെത്തി ഭീഷണി മുഴക്കിയത്. വനിത ജീവനക്കാർ മാത്രമുള്ള ഇവിടെയെത്തി ബഹളം വയ്ക്കുകയും ഭീഷണി മുഴക്കുകയുമായിരുന്നു. ആക്രമിക്കാൻ തുനിഞ്ഞപ്പോഴാണ് പുറത്തേക്കോടി രക്ഷപെട്ടതെന്ന് കൃഷി ഓഫീസർ പറഞ്ഞു.
സംഭവമറിഞ്ഞ് ഒട്ടേറെ നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്ത് തടിച്ചുകൂടി. കൃഷി ഓഫീസറുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്. കരിമണ്ണൂർ മേഖലയിൽ മുളപ്പുറം ഭാഗത്ത് ഒൻപതുപേരും നെയ്യശേരിയിൽ രണ്ടുപേരും ഏഴുമുട്ടത്തു മൂന്നുപേരും പാടം നികത്തിയതായി കണ്ടെത്തിയെന്നു കൃഷി ഓഫീസർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആർഡിഒയ്ക്കും കളക്ടർക്കും റിപ്പോർട്ടു നൽകിയതായും കൃഷി ഓഫീസർ അറിയിച്ചു.