കരിമണ്ണൂർ: പകർച്ചവ്യാധികൾ പടരുന്പോഴും പല ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കരിമണ്ണൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആകെയുള്ളത് ഒരു സ്ഥിരം ഡോക്ടർ മാത്രമാണ്. ദിവസവും നൂറുകണക്കിനു രോഗികളാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്.
ഇവിടെ രണ്ടു ഡോക്ടർമാരുടെ സ്ഥിരം തസ്തികയാണുള്ളത്. ഇതിൽ ഒരാൾ നീണ്ട അവധിയിലാണ്. കൂടാതെ ആരോഗ്യ ദൗത്യം പദ്ധതിയിൽ നിയമിച്ച ഒരു ഡോക്ടറും കരിമണ്ണുർ പഞ്ചായത്ത് നിയമിച്ച ഡോക്ടറും ഉൾപ്പെടെ നാലു ഡോക്ടർമാർ മുന്പ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണ് ഇവിടെ സേവനത്തിനുള്ളത്. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണണമെങ്കിൽ മണിക്കൂറുകൾ കാത്തുനിൽക്കണം.
മുന്നൂറിനു മുകളിൽ രോഗികളാണ് ആശുപത്രിയിൽ ദിനംപ്രതി ചികിത്സ തേടിയെത്തുന്നത്. കരിമണ്ണൂർ, കോടിക്കുളം, ഉടുന്പന്നൂർ, വണ്ണപ്പുറം,ആലക്കോട് പഞ്ചായത്തിൽനിന്നുള്ളവർ കരിമണ്ണൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നുണ്ട്. സാന്പത്തിക പ്രതിസന്ധിമൂലം പഞ്ചായത്ത് നിയമിച്ച ഡോക്ടർക്ക് ശന്പളം കൊടുക്കാത്തതിനെ ത്തുടർന്ന് ജോലി ഉപേക്ഷിച്ചുപോയി.
എൻഎച്ച്എം പദ്ധതിയിൽ മാനവ വിഭവശേഷി ഉ പയോഗത്തിന് നിയന്ത്രണം വന്നതോടെ ഡോക്ടർമാരെ നിയമിക്കാനും കഴിയുന്നില്ല.
വിരമിച്ച ജീവനക്കാർക്ക് നിയമനം നൽകി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ഏകാരോഗ്യപദ്ധതിയിൽ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തുക അനുവദിക്കുന്നത്.
അതിനാൽ ജീവനക്കാരെ നിയമിക്കാൻ കഴിയുന്നില്ല. നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം പരിമിതമായതോടെ രോഗികൾ ചികിത്സ കിട്ടാതെ വലയുന്ന അവസ്ഥയാണ്.