കെ.പി.രാജീവന്
തളിപ്പറമ്പ്: രാഷ്ട്രശില്പി വിഭാവനം ചെയ്ത പദ്ധതികള്‍ 61 വര്‍ഷത്തിന് ശേഷം നടപ്പിലാക്കാനൊരുങ്ങി കരിമ്പം ജില്ലാ കൃഷിഫാം അധികൃതര്‍. 1958 ഏപ്രില്‍ 27ന് മകള്‍ ഇന്ദിരാഗാന്ധിയോടൊപ്പം എത്തിയ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്റുവാണ് കരിമ്പം ഫാമിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ആദ്യമായി പറഞ്ഞത്.
അന്നത്തെ കേരളാ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടും നെഹ്റുവിനോടൊപ്പം എത്തിയിരുന്നു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും മൂന്നുപേരും തുറന്ന ജീപ്പിലാണ് അന്ന് കരിമ്പത്ത് എത്തിയത്. കേരളത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന ഏക സര്‍ക്കാര്‍ ഫാം എന്ന നിലയിലാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്.
ഒരുദിവസം ഫാം റസ്റ്റ്ഹൗസില്‍ താമസിച്ചശേഷം ഫാം മുഴുവന്‍ ചുറ്റിനടന്ന് കണ്ട് തിരിച്ചുപോകവെ ഇവിടെയുള്ള ജൈവവൈവിധ്യങ്ങളെപ്പറ്റി അല്ഭുതത്തോടെ സംസാരിച്ച നെഹ്റു ജനങ്ങള്‍ക്ക് കണ്ട് ആസ്വദിക്കാനും കൃഷിപഠിക്കാനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഇഎംഎസിനോടും അന്നത്തെ ഫാം അധികാരികളോടും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ വിത്തുകളും തൈകളും ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമുള്ള കേന്ദ്രമാക്കി ഫാമിനെ നിലനിര്‍ത്തുകയായിരുന്നു. കനത്ത മതിലും കാവല്‍ക്കാരുമുള്ള ഫാം സാധാരണക്കാര്‍ക്ക് അന്യമായി മാറുകയും ചെയ്തു. മുന്‍ രാഷ്ട്രപതി വി.വി. ഗിരി, കേരളത്തിലെ പ്രമുഖരായ മുന്മുഖ്യമന്ത്രിമാര്, കേന്ദ്രമന്ത്രിമാര്‍, ഡോ.എം.എസ്. സ്വാമിനാഥന് ഉൾപ്പെടെയുള്ള കാര്‍ഷിക വിദഗ്ദ്ധന്മാര് തുടങ്ങി നൂറുകണക്കിന് പ്രമുഖരാണ് ഫാം സന്ദര്‍ശിച്ചിട്ടുള്ളത്.
കാര്‍ഷികരംഗത്തേക്കുള്ള സര്‍ക്കാറിന്റെ വിഭവശേഷി കുറഞ്ഞതോടെ കാടുകയറിയ കൃഷിഫാം നാശത്തിന്റെ വക്കില്‍ നിന്നും കരകയറിത്തുടങ്ങിയത് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഫാം ഏറ്റെടുത്തതോടെയാണ്
.
സഞ്ചാരികളെ ആകർഷിക്കാൻ ജില്ലാ പഞ്ചായത്ത്
140 ഏക്കര്‍വരുന്ന ഫാമിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ പഞ്ചായത്ത് ഇപ്പോള്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെന്നതല്ലാതെ അവ പരമാവധി വേഗത്തില്‍ നടപ്പിലാക്കാനോ ജനങ്ങളിലെത്തിക്കാനോ ജില്ലാ പഞ്ചായത്ത് തയാറാകുന്നില്ലെന്ന് ജീവനക്കാരും നാട്ടുകാരും പറയുന്നു.
ഫാമിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് മുഴുവന്‍ പുതിയ കെട്ടിടങ്ങള്‍ പണിയുക എന്നതല്ലാതെ അവ ഗുണപരമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. 115 വര്‍ഷം പഴക്കമുള്ള ഫാമിലെ റസ്റ്റ്ഹൗസ് 25 ലക്ഷം രൂപ ചെലവഴിച്ച് പുതുക്കിപണിതിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അത് സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ഇതുവരെ തുറന്നുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
നെഹ്റുവും ഇന്ദിരാഗാന്ധിയും ഇഎംഎസിനോടൊപ്പം താമസിച്ച ഇവിടെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ അടയാളങ്ങളുള്ള കുതിരലായവും കുശിനിയും ഉള്‍പ്പെടെ നിലവിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നതും ഫാംടൂറിസത്തിന് അപാരസാധ്യതകളുള്ളതുമായ കരിമ്പംഫാം സ്വകാര്യപങ്കാളിത്തത്തോടെ മെച്ചപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
115 വര്‍ഷം പഴക്കമുള്ള ഫാമിന് സമീപത്തുള്ള കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള ഇടിസിയെകുടി ഉള്‍പ്പെടുത്തി വിപുലമായ ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഫാമിലെ ജൈവവൈവിധ്യം സംരക്ഷിക്കാനും അതിന്റെ സാധ്യതകള്‍ ഗുണപരമായി ഉപയോഗപ്പെടുത്താനും സാധിക്കുകയുള്ളൂവെന്ന് കരിമ്പം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലബാര്‍ അസോസിയേഷന് ഫോര്‍ നേച്ചര്‍-മാന്‍-എന്ന പരിസ്ഥിതി പഠന സംഘടനയുടെ ചെയര്മാന് ഡോ.എം.വി.ദുരൈ പറയുന്നു.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകള്‍ ചെലവഴിക്കാനുള്ള ഒരു മേഖലയായി മാത്രം കാണാതെ ഫാമിന്റെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കി നടപ്പിലാക്കണമെന്നും അദ്ദേഹം അവശ്യപ്പെടുന്നു. 115 വര്‍ഷത്തെ ചരിത്രശേഷിപ്പുകള്‍ തുരുമ്പിച്ചും ചിതല്‍തിന്നും നശിക്കുന്നത് ഒഴിവാക്കാന്‍ ഫാമില്‍ ഒരു മ്യൂസിയം അത്യാവശ്യമാണെന്നും പുതിയതലമുറക്ക് പഠിക്കാനുള്ള നിരവധി കാലാതീതമായ കാഴ്ച്ചകള്‍ അവിടെ ഒരുക്കാനാവുമെന്നും ഡോ.ദുരൈ ജില്ലാ പഞ്ചായത്തിന് നല്കിയ നിവേദനത്തില്‍ പറയുന്നു.