തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷി ഫാമില്‍ നടീല്‍ വസ്തുക്കളുടെ പ്രതിദിന വില്പന ഒരു ലക്ഷം രൂപ കടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനാളുകളാണ് രാവിലെ മുതല്‍ത്തന്നെ ഫാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 24 ഹൈബ്രിഡ് മാവിനങ്ങള്ക്കുപുറമെ ചാമ്പ, പേര, മാംഗോസ്റ്റിന്, സപ്പോട്ട, രാജപ്പുളി, അനാര്‍ എന്നീ പഴവര്‍ഗങ്ങളുടെയും തെങ്ങ്, കുരുമുളക് എന്നീ വാണിജ്യവിളകളുടെയും തൈകൾ നന്നായി വിറ്റുപോകുന്നുണ്ട്.
കൂടാതെ, സുഗന്ധവിളകളായ സര്‍വസുഗന്ധി, കറിവേപ്പില, ഗ്രാമ്പു എന്നിവയുടെ തൈകളും ലഭ്യമാക്കിയിട്ടുണ്ട്. ഒട്ടുമാവിനങ്ങള് മൂന്നുവര്‍ഷംകൊണ്ട് കായ്ഫലം തരുന്നതാണ്. അടുത്ത വര്‍ഷത്തേക്ക് മാവിന്‍തൈകള്‍ ഉത്പാദിപ്പിക്കാനായി ഈവര്‍ഷം ഒരു ലക്ഷം മാങ്ങയണ്ടികള്‍ ഫാമില്‍ മുളപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തിയ നടീല്‍ വസ്തുക്കള്‍ യഥേഷ്ടം കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള കഠിനശ്രമത്തിലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി ഫാം അധികൃതര്‍.
ഈ വര്‍ഷം പതിനായിരം കുറ്റ്യാടി ഇനം (വെസ്റ്റ് കോസ്റ്റ് ടോള്‍) തെങ്ങിന് തൈകള്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. സങ്കരവര്‍ഗത്തില്‍പ്പെട്ട തെങ്ങിന് തൈകളെക്കാള്‍ കൂടുതലായി കര്‍ഷകര്‍ കുറ്റ്യാടി ഇനം തൈകള്‍ നടാന്‍ താത്പര്യം പ്രകടിപ്പിച്ചതിനാലാണ് ഇത്തവണ ഈയിനം തെങ്ങുകളുടെ തൈകള്‍ കൂടുതലായി ഉത്പാദിപ്പിച്ചത്.
രണ്ടുദിവസം കൊണ്ടുതന്നെ 5,000 ത്തിലേറെ തൈകള്‍ ഇവിടെനിന്ന് കൊണ്ടുപോയിക്കഴിഞ്ഞു. ഏഴുവര്‍ഷംകൊണ്ട് കായ്ക്കുന്ന തൈകള്‍ക്ക് മികച്ച രോഗപ്രതിരോധശേഷിക്കു പുറമെ കൊപ്രയിലെ എണ്ണയുടെ അളവും കൂടുതലായതിനാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ താത്പര്യമുള്ളതിനാലാണ് ഇത്തവണ കൂടുതല്‍ തെങ്ങിന്‍തൈകള്‍ ഉത്പാദിപ്പിച്ചതെന്ന് ഫാം സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു.
ഗ്രോ ബാഗുകളില്‍ തയാറാക്കിയ തൈ ഒന്നിന് 125 രൂപയാണു വില. വാഹനങ്ങളുമായിട്ടാണ് കര്‍ഷകര്‍ വന്‍തോതില്‍ തൈകള്‍ കൊണ്ടുപോകാനായി എത്തിച്ചേരുന്നത്