കൊല്ലം: മണലീച്ചകള്‍ പരത്തുന്ന കരിമ്പനിക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വീടുകളിലെ ഭിത്തിയില്‍ നനവുള്ള ഭാഗങ്ങളിലെ വിടവുകളിലാണ് മണലീച്ചകള്‍ കാണപ്പെടുന്നത്. കരിമ്പനി ആന്തരികാവയവങ്ങളെ ബാധിച്ചാല്‍ യഥാസമയം ചികിത്സ നേടിയില്ലെങ്കില്‍ മരണ കാരണമായേക്കാം.
രോഗബാധയുള്ള മണലീച്ചകളുടെ കടിയേല്‍ക്കുന്നവര്‍ക്കാണ് രോഗം പിടിപെടുക. കൃഷിപ്പണിക്കാര്‍ക്കും വനമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പോഷകാഹാര കുറവുള്ളവര്‍ക്കുമാണ് രോഗസാധ്യത കൂടുതല്‍.മണലീച്ചയുടെ കടി ഏല്ക്കാതിരിക്കുവാന് കൊതുകു നിവാരിണിയോ ചെറിയ സുഷിരങ്ങളുള്ള കൊതുകു വലയോ ഉപയോഗിക്കണം.
വന മേഖലയില്‍ ജോലിക്ക് പോകുന്നവര്‍ ശരീരം മുഴുവന്‍ മറയ്ക്കുംവിധം വസ്ത്രം ധരിക്കുകയോ ലേപനങ്ങള്‍ പുരട്ടുകയോ വേണം. മണലീച്ചകള്‍ കടക്കാത്ത വിധത്തില്‍ വീടുകളുടെ ഭിത്തികളിലെ വിടവുകള്‍ അടക്കണം.
വീട്ടു പരിസരങ്ങളിലുള്ള ചിതല്പുറ്റുകള് നശിപ്പിക്കണം. കീടനാശിനി വീടിനുള്ളില്‍ തളിച്ചും മണലീച്ചയെ നശിപ്പിക്കാനാകും. ആര്.കെ-39 കിറ്റ് ഉപയോഗിച്ചും മജ്ജ, കരള്‍, പ്ലീഹ എന്നിവയില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചും രോഗം കണ്ടെത്താന്‍ കഴിയും.