മുക്കം: തുലാം കഴിഞ്ഞ് വേനൽ കടുത്തതോടെ വഴിയോരങ്ങളിൽ അനധികൃത കരിന്പ് ജ്യൂസ് വിൽപ്പന വ്യാപകമാകം. ആരോഗ്യ വകുപ്പിന്റെ യാതൊരു നിബന്ധനകളും പാലിക്കാതെയാണ് മിക്ക ജ്യൂസ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ഇരുന്നൂറിലധികം കടകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നത്.
തിരിച്ചറിയൽ കാർഡും പേരും കൊടുത്താൽ കോട്ടപ്പറന്പിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓഫീസിൽ നിന്നും പെട്ടിക്കടയ്ക്കുള്ള ലൈസൻസ് കിട്ടും. ഈ ലൈസൻസ് ഉപയോഗിച്ച് എത്ര പെട്ടിക്കടകൾ വേണമെങ്കിലും തുടങ്ങാം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരാരും പരിശോധനയ്ക്കു വരില്ല. ഇത്തരത്തിലുള്ള ലൈസൻസ് വിതരണത്തിലൂടെ ബന്ധപ്പെട്ട വകുപ്പിന് ലഭിക്കുന്ന വരുമാനം മാത്രമാണ് ഉദ്യോഗസ്ഥർ ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോഗ്യ വകുപ്പിലെ ജീവനക്കാർ തന്നെ പറയുന്നു.
ഇത്തരത്തിലുള്ള എത്ര അനധികൃത ജ്യൂസ് കടകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ചോദിച്ചാൽ ബന്ധപ്പെട്ടവർക്ക് മറുപടിയില്ല.മിക്ക കരിന്പ് ജ്യൂസ് കേന്ദ്രങ്ങളിലെയും തൊഴിലാളികൾ ഇതര സംസ്ഥാനക്കാരാണ്. ഇവർ കരിന്പ് ജ്യൂസ് കച്ചവട ഏജന്റിന്റെ തൊഴിലാളികളോ മെഷീൻ ദിവസ വാടകയ്ക്കെടുത്ത് ജോലി ചെയ്യുന്നവരോ ആയിരിക്കും. 250 മുതൽ 350 രൂപ വരെയാണ് മെഷീനിന്റെ ഒരു ദിവസത്തെ വാടക. മെഷീൻ വാടകയ്ക്ക് കൊടുക്കുന്നതിന് മാത്രമായുള്ള ഏജൻസിയും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
ജ്യൂസ് നിർമിക്കാനാവശ്യമായ കരിന്പും ഐസ് കട്ടയും കോഴിക്കോട് നിന്നും കൊണ്ടു വരുന്നതാണെന്നാണ് ഈ തൊഴിലാളികൾ പറയുന്നത്. എവിടെ വെച്ചാണ് ഐസ് നിർമിക്കുന്നതെന്നോ എവിടുത്തെ വെള്ളം ഉപയോഗിച്ചാണ് ഐസ് നിർമിക്കുന്നതെന്നോ അവർക്കറിയില്ല.
കോഴിക്കോട് നിന്നെത്തിക്കുന്ന ഐസുകൾ അലിഞ്ഞ് പോകാതിരിക്കാൻ വായു കടക്കാത്ത തെർമോക്കോൾ പെട്ടിയിലോ പ്രവർത്തന രഹിതമായ ഫ്രിഡ്ജിലോ ആണ് സൂക്ഷിക്കുന്നത്. വൃത്തിഹീനമായ പെട്ടികളിലാണ് മിക്ക കേന്ദ്രങ്ങളിലും ഐസ് സൂക്ഷിക്കുന്നത്. അകത്തേക്ക് വായു കടക്കുന്ന പെട്ടിയാണെങ്കിൽ പ്ലാസ്റ്റിക് ചാക്കുകൊണ്ട് പൊതിഞ്ഞായിരിക്കും ഐസ് സൂക്ഷിക്കുക. ന്താസ് കഴുകാനെടുക്കുന്നത് സമീപത്തെ തോട്ടിലെയോ വാട്ടർ അതോറിറ്റിയുടെ പൈപ്പിലെയോ വെള്ളമായിരിക്കും.
ആയിരക്കണക്കിന് യാത്രക്കാരാണ് ഇത്തരം അനധികൃത കരിന്പ് ജ്യൂസ് കടകളിൽ നിന്നും ദിവസവും ജ്യൂസ് കുടിക്കുന്നത്.പൊതുജനാരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്ന അനധികൃത കടകൾക്കെതിരേ നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിലെ ആരോഗ്യ വിഭാഗം തയ്യാറാവണമെന്ന് യാത്രക്കാർ പറയുന്നു.