മലപ്പുറം: റംസാൻ വിപണിയിലെ ഒഴിവാക്കാനാവാത്ത വിഭവമാണ് തണ്ണീർ മത്തൻ എന്ന നമ്മുടെ വത്തക്ക. സീസണ് കണ്ടറിഞ്ഞ് അന്യ സംസ്ഥാനങ്ങളിൽ നിന്നും ലോറിയിൽ കയറിയെത്തിയ തണ്ണിമത്തനെക്കുറിച്ചേ പലർക്കും അറിവുള്ളു. എന്നാൽ സ്വന്തമായി പരസ്യമൊക്കെയുള്ള ഒരു ബ്രാന്റഡ് വത്തക്ക നമ്മുടെ മലപ്പുറം ജില്ലയിലുമുണ്ട്.
ലോക്ഡൗണ് കാലത്തും ഫെയ്സ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നേരിട്ടും വിൽപ്പന പൊടിപൊടിക്കുന്ന കരിഞ്ചാപ്പാടി വത്തക്ക.
കുറുവ വില്ലേജിലെ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ കീഴിൽ കർഷകനായ അമീർബാബുവിന്റെ നേതൃത്വത്തിലാണ് കരിഞ്ചാപ്പാടിയിലെ ഈ വത്തക്ക കൃഷി.
സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായി പത്തേക്കറോളമുള്ള പാടത്താണ് കൃഷി. നാലുതരം വത്തക്കയും ഷമാമുമാണ് ഇത്തവണ കൃഷി ചെയ്തിരുന്നത്. അതിൽ രണ്ടേക്കറോളം സ്ഥലത്ത് കൃഷി ചെയ്തിരുന്ന പുറം പച്ചയും അകത്ത് മഞ്ഞയും നിറമുള്ള അനിമോൾ ഇനത്തിൽപ്പെട്ട വത്തക്കയാണ് ഇത്തവണത്തെ താരം.
സാധാരണ വത്തക്കയേക്കാൾ നാലിരട്ടി വിലയുണ്ടായിട്ടും വിളവെടുപ്പ് തുടങ്ങിയപ്പോഴേക്കും ഈ മഞ്ഞക്കുഞ്ഞനെ നാട്ടുകാർ സ്വന്തമാക്കാൻ മത്സരിക്കുകയായിരുന്നു.
ലോക്ഡൗണിലും വിൽപ്പന ‘ഡൗണാകാതിരിക്കാൻ’ സംസ്ഥാന സർക്കാരിന്റെ ഫാർമേഴ്സ് റീട്ടെയിൽ ഒൗട്ടലെറ്റ് സംവിധാനം ഉപയോഗപ്പെടുത്താനായത് ഇവർക്ക് ഏറെ ആശ്വാസമായി. ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ആവശ്യപ്പെടുന്നവർക്ക് വീടുകളിലെത്തിച്ച് നൽകുകയും ചെയ്യുന്നുണ്ട്.
സൂക്ഷ്മ ജലസേചനത്തിനും കളകളുടെ ശല്യമില്ലാതിരിക്കുന്നതിനുമായി കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ മൾച്ചിംഗ് സംവിധാനമാണ് ഈ കൃഷി രീതിക്കായി ഉപയോഗിച്ചിരിക്കുന്നത്.
കൃത്യമായി വേരുകളിലേക്ക് വെള്ളമെത്തിക്കുന്നതും ശാസ്ത്രീയ കൃഷിരീതികളുമാണ് കരിഞ്ചാപ്പാടിയിലെ വത്തക്കയുടെ പ്രത്യേകതയെന്ന് കൃഷി ഓഫീസർ ഷുഹൈബ് തൊട്ടിയാൻ പറഞ്ഞു.
ഫെബ്രുവരി മുതൽ മേയ് വരെയുള്ള കാലയളവിലാണ് ഇവിടുത്തെ വത്തക്ക കൃഷി. വിളവെടുപ്പ് പൂർത്തിയാകുന്നതോടെ നെൽകൃഷിക്കായി ഇവിടെ കളമൊരുങ്ങും. വിഷുവിന് ഏക്കറുകളോളം വെള്ളരിയും ഇവർ കൃഷി ചെയ്തിരുന്നു.
മറ്റ് സ്ഥലങ്ങളിലായി പച്ചമുളക്, കാരറ്റ്, തക്കാളി തുടങ്ങി കൃഷികൾ തുടങ്ങാനിരിക്കുകയാണ് അമീർ ബാബുവും സംഘവും. തുടർന്നും കൃഷിവകുപ്പിന്റെ സഹായം അമീർബാബുവിന് ലഭ്യമാക്കുമെന്ന് കൃഷി ഓഫീസർ പറഞ്ഞു.