തിരുവല്ല: നാടന്‍ കരിമീനിന്റെ ലഭ്യത കുറഞ്ഞതോടെ ആന്ധ്രയില്‍ നിന്നെത്തിക്കുന്ന കരിമീന്‍ ജില്ലയിലെ വിപണി കീഴടക്കുന്നു. കണ്ടാല്‍ എളുപ്പത്തില്‍ വ്യത്യാസം മനസിലാകില്ലെങ്കിലും രുചിയുടെ കാര്യത്തില്‍ നാടന്‍ കരിമീനിന്റെ ഏഴയലത്തുപോലും എത്താന്‍ ആന്ധ്ര മീനിന് കഴിയില്ലെന്ന് മത്സ്യ പ്രേമികള്‍ പറയുന്നു. കുട്ടനാടിന്റെ പേര് വാടകയ്ക്കെടുത്താണ് ആന്ധ്ര കരിമീനുകള്‍ വിറ്റഴിക്കുന്നത്.
മുമ്പും ആന്ധ്രാ കരിമീന്‍ എത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഇവയുടെ വരവ് ഗണ്യമായി വർധിച്ചിട്ടുണ്ട്. കുട്ടനാടന്‍ കരിമീന്‍ എന്ന പേരില്‍ മിക്ക ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്നത് ആന്ധ്ര മീനാണ്. ആവാസ വ്യവസ്ഥയിലെ വ്യതിയാനമാണ് കുട്ടനാട്ടില്‍ കരിമീന്‍ കുറയാന്‍ കാരണമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്.
ആറുകളും നദികളും മലീമസമായത് കരിമീനിന്റെ വളര്‍ച്ചയെയും പ്രത്യുത്പാദനത്തെയും ബാധിച്ചു. ഒരു കരിമീനിന് ഒരു ഇണ മാത്രമേ ഉണ്ടാകൂവെന്നതാണ് പ്രത്യേകത. തെളിനീരില്‍ മാത്രമേ മുട്ടയിടുകയുള്ളൂ. വെള്ളത്തിനടിയില്‍ കുഴിയുണ്ടാക്കി അതില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തുന്നതാണ് രീതി
. 25 ദിവസം വരെ തള്ള മീനിന്റെ പുറത്തുള്ള പ്രത്യേക കൊഴുപ്പാണ് കുഞ്ഞുങ്ങള്‍ ആഹാരമാക്കുക. കുഞ്ഞ് വളര്‍ന്ന് വലുതാകുന്നതുവരെ ഇണകള്‍ കൂട്ടിരിക്കും. ആന്ധ്രയില്‍ നിന്നും ടണ്‍കണക്കിന് കരിമീനാണ് ദിവസേന ജില്ലയില്‍ എത്തുന്നത്. ഒരു കിലോയ്ക്ക് 100 രൂപ വിലയില്‍ അവിടെ ലഭിക്കുന്ന കരിമീനിന് ഇവിടെ 400 മുതല്‍ 750 രൂപ വരെയാണ് ഈടാക്കുന്നത്. ആന്ധ്രയില്‍ നിന്നുള്ള കരിമീന്‍ വലുപ്പത്തില്‍ ചെറുതായിരിക്കും. രുചിയിലും വ്യത്യാസമുണ്ടാകും.