തൃക്കരിപ്പൂർ: കരിമീൻ കൃഷിയിലൂടെ ഇടയിലെക്കാട്ടിൽ വിജയഗാഥ തീർത്തു. കവ്വായി കായലിലെ ഓരു വെള്ളത്തിൽ ശാസ്ത്രീയരീതിയിൽ നടത്തിയ കരിമീൻ കൃഷിയിലൂടെ മികച്ച വിളവാണ് ലഭിച്ചത്.
ശാസ്ത്രീയ അർധ ഊർജിത ഓരുജല ജനകീയ മത്സ്യ കൃഷി പദ്ധതിയിൽ വലിയപറമ്പ് ഇടയിലെക്കാട്ടെ പി.പി. രാമചന്ദ്രൻ, യു. കമലാക്ഷൻ, പി.പി. ദാമോദരൻ എന്നിവർ ചേർന്ന് 50 സെന്റ് സ്ഥലത്ത് പ്രകൃതിദത്ത രീതിയിൽ കായലിലെ വേലിയേറ്റ വേലിയിറക്ക വേളയിലെ ആവാസ വ്യവസ്ഥ നിലനിർത്തിയാണ് കൃഷിയിറക്കിയത്.
നേരത്തേ ചെമ്മീൻ കൃഷി ചെയ്തുവന്ന ഇവർ ആദ്യമായാണ് കരിമീൻ കൃഷി ചെയ്തത്. ആലപ്പുഴയിൽ നിന്നെത്തിച്ച 6000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് ഇവർ ഒരുവർഷംകൊണ്ട് കൃഷിയിൽ മികച്ച വിജയം നേടിയത്. കരിമീനിന് കിലോയ്ക്ക് 400 മുതൽ 600 രൂപവരെ മർക്കറ്റിൽ വില ലഭിക്കുന്നുണ്ട്.
ഇടയിലെക്കാട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ഫിഷറീസ് പ്രോജക്ട് കോ-ഓർഡിനേറ്റർ വി. അശ്വിൻ കൃഷ്ണൻ കരിമീൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ കെ. വീണ അധ്യക്ഷത വഹിച്ചു. കേരള അക്വാ ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി. പുരുഷോത്തമൻ മുഖ്യാതിഥിയായിരുന്നു. ഫിഷറീസ് വകുപ്പ് പ്രമോട്ടർമാരായ കെ. അഞ്ജു, അഭിന പങ്കജാക്ഷൻ, പി.വി. പ്രീത എന്നിവർ പങ്കെടുത്തു.
വെല്ലുവിളിയായി വിത്തുക്ഷാമം
മത്സ്യകൃഷി മേഖലയിലെ വലിയ മുന്നേറ്റം പ്രയോജനപ്പെടുത്താൻ കേരളത്തിനാവുന്നില്ലെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. സംസ്ഥാനത്ത് മത്സ്യകൃഷിക്കാവശ്യമായ വിത്ത് കിട്ടാനാല്ലാത്ത അവസ്ഥയാണ്. തീറ്റകൾ മിതമായ നിരക്കിൽ ലഭ്യമല്ല. ഇതോടൊപ്പം ശാസ്ത്രീയ രീതിയിലുള്ള പരിശീലനവും നൽകപ്പെടുന്നില്ല.
ഉത്പാദിപ്പിക്കപ്പെടുന്ന മത്സ്യങ്ങളുടെ സംസ്കരണവും വിപണനവും ഒരുക്കാൻ സർക്കാർ ഏജൻസികൾ തയാറായാൽ ഈ മേഖലയിലെ പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിക്കാമെന്ന് കേരള അക്വാ ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി. പുരുഷോത്തമൻ പറഞ്ഞു.
മത്സ്യകൃഷി മേഖലയിൽ പരമ്പരാഗത കർഷകർ പിടിച്ചു നിൽക്കാൻ പാടുപെടുന്നുണ്ടെങ്കിലും കുറച്ചുകാലമായി ഓരു ജലത്തിലും ശുദ്ധജലത്തിലും പുതിയതായി കർഷകരെത്തി മത്സ്യ കൃഷിയിറക്കുന്നുണ്ട്. കവ്വായിക്കായലിന്റെ വിവിധഭാഗങ്ങളിൽ കൂടുകൃഷിയും വ്യാപകമാണ്.
മോഷണം പതിവാകുന്നു
മത്സ്യകൃഷിയെ തകർക്കുന്ന തരത്തിൽ കായലിൽനിന്ന് മോഷണവും പതിവാകുന്നു. കവ്വായിക്കായലിന്റെ ഭാഗങ്ങളിൽ പലതരം മത്സ്യകൃഷി ചെയ്തുവരുന്ന കർഷകർ ആശങ്കയിലാണ്. രാത്രി കാലങ്ങളിൽ കായലിലെ കൂടുകളിൽനിന്നും മത്സ്യങ്ങളെ മോഷ്ടിക്കുന്ന സംഭവങ്ങൾ പെരുകുകയാണ്. മത്സ്യകൃഷിയിൽ ചിലവർഷം സ്വാഭാവികമായി ഉണ്ടായേക്കാവുന്ന നഷ്ടമല്ലാതെ മോഷണം മൂലമുണ്ടാവുന്ന നഷ്ടം കർഷകരെ വലയ്ക്കുന്നുണ്ട്.