കുമരകം: ആവശ്യക്കാരെത്തുന്നില്ല, കരിമീനു വിലയിടിവ്. മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. കോവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മീൻ വിൽപ്പന പ്രതിസന്ധിയിലായിരിക്കുന്നത്.
കോട്ടയം വെസ്റ്റ് ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ വിൽപ്പനശാലകളിലും ഇന്നലെ മുതൽ കരിമീനിനു വില കുറച്ചു. കരിമീനിന്റെ തൂക്കം അനുസരിച്ചു വില്പന നടത്തുന്ന നാല് വിഭാഗങ്ങളുടേയും വിലയാണ് ഗണ്യമായി കുറച്ചത്.
മുന്പ് 470 രൂപയ്ക്കു വില്പന നടത്തിയിരുന്ന എ പ്ലസ്-420നും, 400നു വില്പന നടത്തിയിരുന്ന എ-350, 320 നു വില്പന നടത്തിയിരുന്ന ബി-280, 250 നു വില്പന നടത്തിയിരുന്ന സി-220 നുമാണ് ഇപ്പോൾ വില്പന നടത്തുന്നത്.
ഹോട്ടലുകളിലെയും, ഷാപ്പുകളിലെയും കച്ചവടം നിലച്ചതോടെയാണു കരിമീനു വിൽപ്പന കുറഞ്ഞത്. മറ്റു പ്രദേശങ്ങളിൽനിന്നും നിരവധി ആളുകൾ മീൻ വാങ്ങാൻ കുമരകത്ത് എത്തുന്നത് പതിവായിരുന്നു.
നിയന്ത്രണങ്ങൾ കർക്കശമാക്കിയതോടെ അവരുടെ വരവും നിലച്ചു. ഇതോടെ മീൻ വില കുറയ്ക്കാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയിലായി കച്ചവടകാർ.