കുമരകം: വേന്പനാട്ടുകായലിലെ പിടയ്ക്കുന്ന കരിമീൻ വാങ്ങാൻ തിരക്കോടു തിരക്ക്. കുമരകം, തണ്ണീർമുക്കം തുടങ്ങി മീൻമാർക്കറ്റുകളില്ലാം കിലോ 500 രൂപ നിരക്കിലാണു വലിയ എ ക്ലാസ് കരിമീനു വില. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്ന് നീരൊഴുക്കു തുടങ്ങിയതോടെയാണ് മത്സ്യതൊഴിലാളികൾക്ക് കരിമീൻ കൈനിറയെ പണമായി എത്തിയത്.
വലിയ വലകൾ വിരിച്ചു മുങ്ങിത്തപ്പിയും ചൂണ്ടയിൽ കുടുക്കിയുമൊക്കെ മീൻ പിടിക്കാൻ തിരക്ക്. കണി കാണാനില്ലാതിരുന്ന കരിമീൻ ഷട്ടർപൊക്കി വെള്ളം വന്നതോടെ ഇരച്ചുകയറി. ദിവസം അൻപതു കിലോ കരിമീൻ പിടിച്ചു വിൽക്കുന്നവരുണ്ട്.
രാവും പകലും മീൻപിടിത്തക്കാരുടെ തിരക്കാണ് തോടുകളിലും കായലിലും. മുൻപ് മുരശും കൂരിയും ചേറുമീനുമൊക്കെയായിരുന്നു വലയിൽ കിട്ടാറുണ്ടായിരുന്നത്. ഇതിന് കിലോയ്ക്ക് 230 രൂപയിൽതാഴെയായിരുന്നു നിരക്ക്. കരിമീൻ വന്നതോടെ കൈനിറയെ പണവുമായാണ് തൊഴിലാളികൾ വല മടക്കുന്നത്. ബി ക്ലാസ് കരിമീന്‍ വില 300. സി ക്ലാസിന് 260 എന്നീ നിരക്കിലാണ് വിൽപന.