വൈപ്പിൻ: കരിമീൻ പിടയ്ക്കുന്നതല്ലെങ്കിൽ വേണ്ട. പ്രാദേശിക മീൻ മാർക്കറ്റുകളിലും വഴിയോരങ്ങളിലെ മീൻ വിൽപ്പന തട്ടുകളിലും കരിമീൻ തേടി എത്തുന്ന ഉപയോക്താക്കളുടെ നിലപാടാണിത്. ഇതോടെ കായൽ മീനുകളുടെ രാജാവായ കരിമീനുകൾക്ക് ഡിമാന്റ് കുറഞ്ഞു. പെരിയാറിലും കൈവഴികളായ കായലുകളിലും മത്സ്യങ്ങൾ ചത്തു പൊന്തിയ സാഹചര്യത്തിലാണിത്.
കരിമീൻ ചത്ത് നിറം മങ്ങിയാലോ, മോശമാകാതിരിക്കാൻ ഐസ് വിതറിയാലോ ആളുകൾക്കിപ്പോൾ വാങ്ങാൻ മടിയാണ്. എന്നാൽ കാലാവധി കഴിഞ്ഞു കിടക്കുന്ന വേനൽ കെട്ടുകളിൽനിന്നും മത്സ്യ തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന കരിമീനുകൾ യാതൊരുവിധ രാസമാലിന്യങ്ങളും ഏശാത്തതാണെന്നാണ് മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്.
എങ്കിലും വിശ്വാസം വരാത്തവർ പിടയ്ക്കുന്നതുണ്ടെങ്കിലെ വാങ്ങുന്നുള്ളു. ഇതുമൂലം കരിമീന്‍ പ്രാദേശിക മാർക്കറ്റുകളിൽ അൽപം ഡിമാന്റ് കുറഞ്ഞിട്ടുണ്ട്. ഇതുമൂലം വിലയിലും ഇടിവുണ്ട്.