കരിം ലാല എന്ന പേരിനൊപ്പം കുപ്രസിദ്ധി നേടിയ ഒന്നായിരുന്നു അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന വടി. കരിം ലാല എന്ന പേരു കേൾക്കുന്പോൾ തന്നെ പലരുടെയും മനസിൽ ഈ വടി തെളിഞ്ഞുവരുമായിരുന്നു.
ഇതു വെറും ഒരു വടി മാത്രമായിരുന്നില്ല. കരിംലാല എന്ന അധോലോക നേതാവിന്റെ അടയാളം കൂടിയായിരുന്നു.
കരിം ലാലയോളം തന്നെ ശക്തിയും സ്വാധീനവും ഈ വടിക്ക് മുംബൈയിൽ ഉണ്ടായിരുന്നു. കരിം ലാലയെ ഭയപ്പെടുന്നതുപോലെ തന്നെ ഈ വടിയെയും ജനം ഭയപ്പെട്ടു.
ഏതെങ്കിലും തെരുവിലെ ഒരു കെട്ടിടം ഒഴിപ്പിക്കണമെങ്കിൽ ലാലാ നേരിട്ടുവരണമെന്നില്ലായിരുന്നു. ഈ വടി ആ കെട്ടിടത്തിനു മുന്നിൽ കുത്തിവച്ചാൽ മാത്രം മതി. ഇതു കാണുന്നതോടെ ഒഴിയേണ്ടവർ ഭയന്നു സ്ഥലം വിടുമായിരുന്നു.
ഇന്ദിരാ ഗാന്ധി സന്ദർശിച്ചു
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരിംലാലയെ അദ്ദേഹത്തിന്റെ മുംബൈയിലെ ഒാഫീസിലെത്തി സന്ദർശിച്ചിട്ടുണ്ടെന്ന വിവാദം അടുത്തിടെ ഉയർന്നുവന്നിരുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.
എന്നാൽ, തന്റെ വെളിപ്പെടുത്തൽ വിവാദമായതോടെ സഞ്ജയ് റാവത്ത് പിന്നീട് അതു നിഷേധിച്ചു.എങ്കിലും സഞ്ജയ് റാവത്ത് പറഞ്ഞതു ശരിവച്ചുകൊണ്ടു ഹാജി മസ്താന്റെ പേരമകൻ സുന്ദർ ശേഖർ പിന്നീടു രംഗത്തുവന്നു.
കരിം ലാലയുടെ ഒാഫീസിൽവച്ച് ഇന്ദിരാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും ഇന്ദിരാ ഗാന്ധി മാത്രമല്ല എൻസിപി നേതാവ് ശരത് പവാറുമായും ശിവസേന നേതാവ് ബാൽ താക്കറെയുമായുമെല്ലാം കരിംലാലയ്ക്കു നല്ലൊരു സൗഹൃദ ബന്ധമുണ്ടായിരുന്നുവെന്നും സുന്ദർ ശേഖർ പറഞ്ഞിരുന്നു.
ദാവൂദുമായി പോരാട്ടം
1980കളിൽ ദാവൂദ് ഇബ്രാഹിം മറ്റൊരു അധോലോക നേതാവായി വളർന്നു വന്നതോടെയാണ് കരിം ലാലയുടെ ശക്തി ക്ഷയിച്ചുതുടങ്ങിയത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘവും പത്താൻ ഗ്രൂപ്പും തമ്മിൽ നിരന്തരം ഗ്യാംഗ് വാറുകൾ പതിവായിരുന്നു.
ഈ പോരാട്ടത്തിൽ ഇരുപക്ഷത്തിനും കനത്ത നാശനഷ്ടമുണ്ടായി. ഒരുപാടു പേർ കൊല്ലപ്പെട്ടു. ഹാജി മസ്താൻ ഈ സമയത്തു മിക്കവാറും അധോലോകം ഉപേക്ഷിച്ച മട്ടായിരുന്നു. ഇതോടെ കരിംലാലയുടെ ശക്തി ക്ഷയിക്കാനും തുടങ്ങി.
അനന്തരവൻ
ദാവൂദിന്റെ വരവോടെ അനന്തരവൻ സമദ്ഖാനെ പത്താൻ ഗ്രൂപ്പിന്റെ നേതൃത്വം കരിം ലാല ഏൽപ്പിച്ചു. എന്നാൽ, ദാവൂദിന്റെ സഹോദരനെ വധിച്ചതിന്റെ പ്രതികാരമായി ദാവൂദ് സംഘം സമദ് ഖാനെ കൊലപ്പെടുത്തി. ഇതോടെ ദാവൂദിനു മുംബൈ സുരക്ഷിതമല്ലാതായി മാറി. അയാൾക്കു താവളം ദുബായിലേക്കു മാറ്റേണ്ടി വന്നു.
എങ്കിലും കൊല്ലും കൊലയുമായി ദുബായിലിരുന്നു ദാവൂദ് മുംബൈ അധോലോകം നിയന്ത്രിച്ചുകൊണ്ടിരുന്നു. ഛോട്ടാ രാജനായിരുന്നു ദാവൂദിനുവേണ്ടി അക്കാലത്തു മുംബൈ അധോലോകം ഭരിച്ചത്.
സമദ്ഖാന്റെ മരണവും ദാവൂദ് സംഘത്തിന്റെ വർധിത വീര്യവുമൊക്കെ കരിം ലാലയെ പതിയെപ്പതിയെ അധോലോകത്തുനിന്ന് ഉൾവലിയാൻ പ്രേരിപ്പിച്ചു.
പിന്നീടു തന്റെ നിയമവിരുദ്ധ ബിസിനസുകളിൽനിന്നെല്ലാം അയാൾ പിന്മാറി. നിയമാനുസൃതമായുള്ള ഹോട്ടൽ വ്യവസായവുമായി അയാൾ പിന്നീട് ഒതുങ്ങിക്കൂടി. 2002 ഫെബ്രുവരിയിൽ 90-ാം വയസിലാണ് ആണ് കരിംലാല മരിച്ചത്.