കൊല്ലം: നിപ്പയ്ക്കു പിന്നാലെ ആശങ്കപരത്തി കരിമ്പനിയും. കൊല്ലം കുളത്തുപ്പുഴയിൽ യുവാവിന് കരിമ്പനി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനിയിലെ താമസക്കാരനായ ഷിബു (38) വിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കരിമ്പനിക്ക് മരുന്ന് ലഭ്യമാണ്. ഭയപ്പെടേണ്ട കാര്യമില്ലെങ്കിലും മുൻകരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് സംഘം കോളനിയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.
രോഗം പരത്തുന്നത് പെണ് മണല്‍ ഈച്ചകളാണ്. കൊതുകിന്റെ നാലിലൊന്ന് വലുപ്പം മാത്രമേ ഇവയ്ക്കുള്ളൂ ഏകദേശം 13 മി.മി മാത്രം. രാത്രിയിലാണ് ഇവ മനുഷ്യനില്‍നിന്ന് രക്തം കുടിക്കുക. രോഗമുള്ള ഒരാളുടെ രക്തം വലിച്ചെടുക്കുമ്പോള്‍ ഇവയുടെ ഉള്ളില്‍ ചെല്ലുന്ന ലീഷ്മാനിയ ഇവയുടെ ഉള്ളില്‍ വളരുകയും മറ്റൊരാളുടെ രക്തം കുടിക്കുന്ന അവസരത്തില്‍ ഇവ അടുത്ത വ്യക്തിയുടെ ഉള്ളില്‍ ചെന്ന് രോഗബാധ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
രോഗാണുക്കള്‍ ഉള്ളില്‍ എത്തിയാലും രോഗലക്ഷണങ്ങള്‍ കാണപ്പെടാന്‍ 10 ദിവസംമുതല്‍ ആറുമാസംവരെ എടുക്കാം, ചിലപ്പോള്‍ ഒരുവര്‍ഷംവരെയും. പ്രധാനമായും പ്ലീഹയിലെയും കരളിലെയും കോശങ്ങളെയും, കൂടാതെ കുറഞ്ഞതോതില്‍ ശ്ലേഷസ്തരങ്ങള്‍, ചെറുകുടല്‍, ലസികാ ഗ്രന്ഥികള്‍ എന്നിവയെയും ആണ് രോഗം ബാധിക്കുന്നത്. ഇതിലൂടെ രോഗപ്രതിരോധ വ്യവസ്ഥയെയും ഈ രോഗം ബാധിക്കുന്നു.
ശരിയായ ചികിത്സ എടുക്കാതിരുന്നാല്‍ മരണം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ദാരിദ്ര്യം, പോഷകാഹാരക്കുറവ്, ശരിയായ പാര്‍പ്പിടസൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയാണ് (ശുചിത്വമില്ലായ്മ ഈച്ചകളെ ആകര്‍ഷിക്കുന്നു, മണ്ണുവീടുകളുടെ ഭിത്തിയില്‍ മണല്‍ ഈച്ച മുട്ടയിട്ടു പെരുകുന്നു, രാത്രിയില്‍ വീടിനു പുറത്ത് ഉറങ്ങുന്നത് ഈച്ചയുടെ കടിയേല്‍ക്കാന്‍ ഇടയാക്കുന്നു) രോഗവ്യാപനത്തിനു കാരണമാകുന്നത്.