കുളത്തൂപ്പുഴ: സർക്കാരും അരോഗ്യ വകുപ്പും ഉണർന്ന് പ്രവർത്തിച്ചതിൻെറ ഫലമായി കരിന്പനി നിയന്ത്രണ വിധേയമാണെന്നും പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചാൽ ഭയക്കേണ്ടതില്ലെന്നും മന്ത്രി കെ.രാജു പറഞ്ഞു.
കരിമ്പനി പിടിപെട്ട് ഒരാൾ ചികിത്സ തേടിയ വില്ലുമല ആദി വാസികോളനി സന്ദർശിക്കാനെത്തിയ വേളയിൽ ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിച്ച ബോധവൽക്കണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പകർച്ചവ്യാധികളെ ചെറുക്കാനും പ്രതിരോധിക്കാനും എല്ലാവിഭാഗം ജനങ്ങളും ഒറ്റകെട്ടായി കൈകോർക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കൊതുകിൻെറയും മറ്റ് പ്രാണികളുടേയും ശല്യത്തെ പ്രതിരോധിക്കാൻ കോളനിവാസികൾക്ക് സംസ്ഥാന സ്ക്രാപ് മർച്ചൻറ് അസോസിയേഷൻ വാങ്ങി എത്തിച്ച കൊതുക് വലയുടെ വിതരണവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബുഎബ്രഹാം അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ജില്ലാപഞ്ചായത്ത് അംഗം ഷീജ.കെ.ആർ നിർവഹിച്ചു. ശുചിത്വമിഷൻ ജില്ലാകോഡിനേറ്റർ ജി.സുധാകരൻ, അസിസ്റ്റൻറ് കോർഡിനേറ്റർ യു.ആർ ഗോപകുമാർ, കെഎസ്എംഎ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ്ഹാരീസ്, മേഖലാ പ്രസിഡന്റ് താഹാകുട്ടി, ജോയിന്റ് ബിഡിഒ റംലാബീവി, പഞ്ചായത്ത് അംഗങ്ങളായ ടി.ബാബു, ബി.എസ്.വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.