കിഴക്കമ്പലം: അമ്പലമുകൾ കരിമുകളിൽ സ്വകാര്യ ബസ് പാഞ്ഞുകയറി റിഫൈനറി കരാർ തൊഴിലാളി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഡ്രൈവറെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ കാണിച്ച് ഇന്ന് ബസ് ഉടമയ്ക്ക് നോട്ടീസ് നൽകുമെന്ന് അമ്പലമേട് പോലീസ് അറിയിച്ചു. പ്രതിയായ ഡ്രൈവറെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
മൂന്നു ദിവസത്തിനുള്ളിൽ ഇയാൾ ഹാജരായില്ലെങ്കിൽ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസ് നീക്കം. ബസ് ഡ്രൈവർക്കെതിരേ സംഭവത്തിൽ ദൃക്സാക്ഷികളായ നിരവധി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. തൃപ്പൂണിത്തുറ-ആലുവ റൂട്ടിലോടുന്ന ബസ് റാഫാ ഇന്നലെ തന്നെ പോലീസ് കസ്റ്റെഡിയിലെടുത്തു.
ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ കരിമുകൾ സർവീസ് സഹകരണ ബാങ്കിനു മുന്നിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിലിടിച്ച് യാത്രികനായ പത്തനംതിട്ട എരുമക്കാട് കൊച്ചു കളയിൽ കെ.എച്ച്.വിജിയാണ് മരിച്ചത്.
ഇടിച്ച ബസ് സമീപത്തെ വീട്ടിലേക്ക് പാഞ്ഞുകയറിയശേഷമാണ് നിന്നത്. ഇതിനിടെ ബസ് ഡ്രൈവറും ക്ലീനറും ഓടി രക്ഷപെടുകയായിരുന്നു. ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ചിത്രപ്പുഴ- പോഞ്ഞാശേരി റോഡിൽ സ്വകാര്യ ബസുകളും ടാങ്കറുകളും ചീറിപ്പായുന്നതു മൂലം അപകടങ്ങൾ പെരുകുകയാണ്.
കഴിഞ്ഞ 23 ന് പള്ളിക്കര അമ്പലപ്പടിയിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ടോറസിടിച്ച് പോഞ്ഞാശേരി മുള്ളൻകുന്ന് വളവന വീട്ടിൽ മായ(46) മരിച്ചിരുന്നു. രണ്ടു ദിവസങ്ങൾക്ക് ശേഷം അമ്പലമുകൾ റിഫൈനറി പ്ലാന്റിനു മുന്നിൽ ബുള്ളറ്റ് ടാങ്കറിടിച്ച് എരൂർ കൊപ്പറമ്പ് കറുത്തേപ്പറമ്പിൽ രാഹുൽ(19) മരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടും നിർത്താതെ പോയ വാഹനത്തെയും ഡ്രൈവറെയും ഇതുവരെ അമ്പലമേട് പോലീസ് കണ്ടെത്തിയിട്ടില്ല.
അപകടങ്ങൾ തുടർക്കഥയാകുമ്പോഴും വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ യാതൊരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ലന്നെ പരാതിയുണ്ട്. സ്കൂൾ വിദ്യാർഥികളടക്കം ആയിരക്കണക്കിനാളുകൾ സഞ്ചരിക്കുന്ന റോഡിലൂടെ സ്വകാര്യ ബസുകളും ടാങ്കറുകളും ചീറിപ്പായുന്നതുമൂലം ഭീതിയോടെയാണ് ആളുകൾ റോഡിലിറങ്ങുന്നത്.