ചെങ്ങന്നൂർ: ഈസ്റ്റർ ദിനത്തിൽ കരിമുളയ്ക്കൽ ഓർത്തഡോക്സ് ദേവാലയത്തിലുണ്ടായ ആക്രമണത്തിൽ വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത എൽഡിഎഫ്, യുഡിഎഫ് നേതാക്കന്മാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.
ആർഎസ്എസുകാർ പള്ളി ആക്രമിച്ചുവെന്നും ഈ ഫാസിസ്റ്റുകൾക്കെതിരെ ആഞ്ഞടിക്കണമെന്നുമാണ് നേരം പുലർന്ന് എത്തിയ മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിപിഎം സെക്രട്ടേറിയേറ്റ് അംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.
പോലീസ് സിപിഎമ്മിന്റെ ആവശ്യം അനുസരിച്ച് ആർഎസ്എസിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രസ്താവന നടത്തുകയും ചെയ്തു. വർഗീയ കലാപം ഉണ്ടാക്കാൻ പള്ളി ആക്രമിച്ചുവെന്നാണ് എഫ്.ഐ.ആറിൽ ആരോപിച്ചിട്ടുള്ളത്. എന്നാൽ ഇതൊന്നും ശരിയല്ലെന്നും ആർ.എസ്എസിനും ബിജെപിക്കും ഇതിൽ യാതൊരു പങ്കുമില്ലായെന്നും ഇപ്പോൾ വ്യക്തമായതായും പള്ളിവികാരി ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലം എടുത്തുകാട്ടി ശ്രീധരൻപിള്ള പറഞ്ഞു.
മാധ്യമങ്ങളിൽ വന്ന വാർത്തകളാണ് സംഭവത്തിലെ ആർഎസ്എസ് ബന്ധത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് കാരണമായതെന്നും എന്നാൽ താൻ പിന്നീട് നടത്തിയ അന്വേഷണത്തിലും സാഹചര്യ തെളിവിലും ഇക്കൂട്ടർ അക്രമത്തിൽ ഉൾപ്പെട്ടിട്ടില്ലായെന്നും വർഗീയ കലാപത്തിന് ശ്രമിച്ചിട്ടില്ലായെന്നുമാണ് പള്ളിവികാരി ഹൈക്കോടതിയ്ക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ എഴുതി ചേർത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് നൽകിയ അപേക്ഷയിലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ഈ കേസിലെ മുഖ്യ വില്ലൻ സിപിഎമ്മാണെന്ന് ശ്രീധരൻപിള്ള ആരോപിച്ചു. സിപിഎം ജില്ലാ നേതൃത്വമാണ് സംഭവത്തിന്റെ തിരക്കഥയെഴുതിയത്. യുഡിഎഫ് നേതാക്കളും അധാർമികമായ മുതലെടുപ്പ് നടത്തി.
ചെങ്ങന്നൂരിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ ബിജെപി വൻ മുന്നേറ്റമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു തടയിടാനാണ് സിപിഎമ്മും യുഡിഎഫും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഭവത്തിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഈ കേസ് സിബിഐ അന്വേഷിക്കണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.