വടകര: കുരുമുളകിൽ ചേർക്കാൻ കരിമുരിക്കിൻ കുരു ശേഖരിക്കുന്ന സംഘം നാട്ടിൻപുറങ്ങളിൽ വിലസുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽപെട്ട മൂന്നു പേരെ ഇവർ ശേഖരിച്ച ഇരുപത് ചാക്കോളം കരിമുരിക്കിൻ കുരു സഹിതം നാട്ടുകാർ പിടികൂടി വടകര പോലീസിലേൽപ്പിച്ചു.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളാണ് കരിമുരിക്കിൻ കുരു ശേഖരിക്കാനെത്തിയത്. ഒരു മരത്തിന് നൂറ് രൂപ തോതിൽ നൽകിയാണ് ഇവർ ശേഖരിക്കുന്നത്. ഇതിന്റെ കുരു ഉണങ്ങിയാൽ കാഴ്ചയിൽ കുരുമുളക് പോലെ തോന്നും.
കുരുമുളകിൽ ചേർത്താൽ ഒരു സംശയവും തോന്നില്ല മസാല പൊടികളിൽ ചേർക്കാനും ഇത് ഉപയോഗിക്കുന്നതായി സംശയമുണ്ട്. നാട്ടിൻ പുറങ്ങളിൽ നിന്നു നൂറ് കണക്കിന് ചാക്ക് ഉണക്കിയ കരിമുരിക്കിൻ കുരുവാണ് കൊണ്ടുപോകുന്നത്.
പാലക്കാട്ടെ കേന്ദ്രത്തിൽ എത്തിച്ചാൽ കിലോക്ക് എണ്‍പത് രൂപ ലഭിക്കുമെന്നാണ് പറയുന്നത്. മണിയാറത്ത്മുക്ക് പ്രദേശത്ത് ആളൊഴിഞ്ഞ പറന്പിൽ ഉണക്കാനിട്ടയിടത്തു നിന്നാണ് കെ.പി.ജയരാജൻ, വി.കെ.രതീശൻ, ഇ. സന്തോഷ്, പി.കെ. ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ തടഞ്ഞുവെച്ച് പോലിസിൽ ഏൽപിച്ചത്.