കത്രീനാ കൈഫിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ എല്ലാത്തവണയും ആളുകള്‍ക്ക് ദൃശ്യവിരുന്നു തന്നെ സമ്മാനിക്കാറുണ്ട്. ആളുകളെ ആഴത്തില്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ധാരാളം ചിത്രങ്ങളും കത്രീന പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ വളരെ അര്‍ത്ഥവത്തായ ഒരു ഫോട്ടോയാണ് ഇത്തവണ കത്രീന ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. അസ്തമയസൂര്യനെ സാക്ഷിനിര്‍ത്തി തന്റെ ഉത്തരവാദിത്വത്തില്‍ മുഴുകിരിക്കുന്ന മുംബൈയില്‍ നിന്നുള്ള ഒരു വനിതാ പോലീസുദ്യോഗസ്ഥയുടെ ചിത്രമാണത്. വെറുമൊരു ചിത്രം മാത്രമായിരുന്നില്ല ബോളിവുഡ് സുന്ദരി പങ്കുവച്ചത്. മറിച്ച്, ആ ചിത്രത്തോടൊപ്പമുള്ള ഒരു കുറിപ്പിലൂടെ വലിയൊരു സന്ദേശവും കൂടിയാണ് അവര്‍ തന്റെ ആരാധകര്‍ക്ക് നല്‍കിയത്.
കത്രീനയുടെ പോസ്റ്റില്‍ ആ വനിതാപോലീസുദ്യോഗസ്ഥയുടെ പേര് പറയുന്നില്ലെങ്കിലും അവര്‍ പോലീസ് സേനയില്‍ ചേരാനുണ്ടായ കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ മുഴുവന്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെയും കുറിച്ച് പൊതുജനത്തിനുള്ള ചില തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനായാണ് ആ വനിതാ പോലീസുദ്യോഗസ്ഥയും കത്രീനയും പോസ്റ്റ് ഇട്ടിരിക്കുന്നത്. ഈ പോലീസുദ്യോഗസ്ഥയുടെ കുറിപ്പ് നിങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കണം എന്ന മുന്നറിയിപ്പും കത്രീന നല്‍കുന്നുണ്ട്. ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് കത്രീനയുടെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുന്ന കത്രീനയെ അഭിനന്ദിച്ചുകൊണ്ടും ധാരാളം ആളുകള്‍ കമന്റുചെയ്യുന്നുണ്ട്.
വനിതാ പോലീസുദ്യോഗസ്ഥയുടെ പോസ്റ്റില്‍ പറയുന്നതിപ്രകാരമാണ്.
എന്റെ സഹോദരന്മാരും അമ്മാവന്മാരും പോലീസ് സേനയിലായിരുന്നു. അവരെ കണ്ടാണ് ഞാന്‍ വളര്‍ന്നതും. ഒരു ജീവിതമാര്‍ഗം കണ്ടെത്തേണ്ട സമയമായപ്പോള്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആകാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. സ്വയരക്ഷയ്‌ക്കോ സഹജീവികളുടെ രക്ഷയ്‌ക്കോ ആയി മറ്റൊരാളുടെ സഹായം തേടിപോവേണ്ട അവസ്ഥ ഉണ്ടാവാതിരിക്കുന്നതിനാണ് ഞാന്‍ ആ ജോലി തന്നെ തെരഞ്ഞെടുത്തത്. എന്നാല്‍ ചുരുക്കം ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് എന്ന വിഭാഗത്തെ ഒന്നടങ്കം ആളുകള്‍ വെറുത്തു. ഞങ്ങള്‍ അലസരും അഴമതിക്കാരും ആണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയുണ്ടായി. അതോടെ അടിയന്തിരസഹായത്തിനായി പോലീസിനെ വിളിച്ചാല്‍ യാതൊരു ഉപയോഗവും ഇല്ലെന്നും ആളുകള്‍ ചിന്തിക്കാനിടയായി. എന്നാല്‍ ഞാനൊന്ന് ഉറപ്പിച്ച് പറയാം. ഞാന്‍ അത്തരം കോളുകള്‍ അറ്റന്‍ഡ് ചെയ്യാറുണ്ട്. മാത്രമല്ല, രാത്രിസമയങ്ങളില്‍ ഞാനെന്റെ വാനുമായി പട്രോളിംഗ് നടത്തി, സഹായം വേണ്ടവര്‍ക്ക് ചെയ്തുകൊടുക്കാറുമുണ്ട്. സ്ത്രീകളേ.. ഒരിടത്ത് നിങ്ങള്‍ സുരക്ഷിതരല്ലെന്ന് തോന്നുന്നെങ്കില്‍ നിങ്ങള്‍ക്ക് 103 എന്ന നമ്പരിലേയ്ക്ക് വിളിക്കാം. നിമിഷങ്ങള്‍ക്കകം ഞാനവിടെ ഉണ്ടായിരിക്കും. നിങ്ങളെ ഞങ്ങള്‍ നിരാശരാക്കില്ല, തീര്‍ച്ച.