നാദാപുരം: കണ്ണൂർ – കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന പരിസ്ഥിതി ലോല പ്രദേശമായ ചെക്യാട് പഞ്ചായത്തിലെ കണ്ടി വാതുക്കൽ വളയലായി മലയിൽ കരിങ്കൽ ഖനനത്തിന് ശ്രമം തുടങ്ങി. കുടിയേറ്റ കർഷകരുടെയും, ആദിവാസി ജനവിഭാഗങ്ങളുടെയും മേഖലയായ കണ്ടി വാതുക്കൽ വാഴമല റോഡിൽ അതിർത്തി പ്രദേശത്ത് ഇതിനായി റോഡു വെട്ടി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
റോഡ് നിർമ്മാണത്തിനായി ജില്ലാ കളുടെ അതിർത്തി വേർതിരിക്കുന്ന നീർച്ചാൽ മണ്ണിട്ട് നികത്തിയാണ് റോഡ് നിർമ്മിച്ചത്. കണ്ണൂർ ജില്ല കേന്ദ്രമായി പ്രവർത്തിക്കുന്ന വൻകിട ക്വാറി മാഫിയയാണ് ഇതിന് പിന്നിലെന്നും ചെറുകിട ക്വാറിയുടെ പേരിൽ ലൈസൻസ് സമ്പാദിച്ച് വൻകിട ഘനനം നടത്താനാണ് പരിപാടിയെന്നും നാട്ടുകാർ പറയുന്നു.
ഇതിന്റെ കടലാസ് പണികൾ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും പുരോഗമിക്കുകയാണ് . എന്നാൽ ഘനനം നടത്താനുള്ള പ്രദേശം കോഴിക്കോട് ജില്ലയിലെ ചെക്യാട് പഞ്ചായത്തിൽപ്പെട്ട സർവ്വേ നമ്പർ 114 ൽ സ്ഥിതി ചെയ്യുന്ന വളയലായി മലയാണ്.
നിലവിൽ റോഡ് നിർമ്മിച്ചത് കണ്ണൂർ ജില്ലയിൽപ്പെട്ട സ്ഥലത്താണെങ്കിലും അമ്പത് മീറ്റർ പിന്നിട്ട് റോഡ് എത്തിച്ചേരുന്നത് കോഴിക്കോട് ജില്ലയിൽപ്പെട്ട വളയലായി മലയിലാണ്.ഇവിടെ സ്ഥലം അടയാളപ്പെടുത്തി കെട്ടിട നിർമ്മാണ ജോലികളും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. വെടിമരുന്ന് സൂക്ഷിക്കാനുള്ള മുറിയുടെ നിർമ്മാണമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ ഏതാ വർഷങ്ങൾക്കിടെ ധാരാളം പാറകൾ നിറഞ്ഞ വളയലായി മലയോരത്ത് ജില്ലയ്ക്കകത്തും പുറത്തുമുള്ള നിരവധി പേർ ഏക്കർ കണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയിരുന്നു. മൂന്ന് വർഷം മുമ്പ് എളമ്പ വളയലായി മേഖലകളിൽ ഖനന നീക്കം നടന്നിരുന്നു.
ഒരു ക്രഷർ യൂണിറ്റും നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ഖനന നീക്കം മനസ്സിലാക്കിയ നാട്ടുകാരും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഒടുവിൽ പ്രക്ഷോഭം കനത്തതോടെ ഖനന നീക്കം ഉപേക്ഷിക്കുകയായിരുന്നു.എന്നാൽ ക്രഷർ യൂണിറ്റ് പൊളിച്ച് മാറ്റിയിരുന്നില്ല. ഇതിന് ഏതാനും മീറ്റർ മുകൾ ഭാഗത്തായിട്ടാണ് പുതിയ ക്വാറി തുടങ്ങാനുള്ള നീക്കം സജീവമായത്.
വളയലായി മലയോട് ചേർന്ന് വാഴമലയിൽ വൻകിട ക്വാറി പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതിവാദികളുടെയും നാട്ടുകാരുടെയും കടുത്ത എതിർപ്പിനെത്തുടർന്ന് മാസങ്ങളായി ഇവിടെ പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണ്.ഇതിന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് വളയലായി മല.