പേരാമ്പ്ര: കരിങ്കൽ ഖനന ഭീഷണി നേരിടുന്ന പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോടുമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പേരാമ്പ്ര ഹയർ സെക്കന്‍ഡറി സ്കൂൾ പത്താംതരം ഇ. ഡിവിഷനിലെ വിദ്യാർത്ഥികളാണ് പഠനപ്രവർത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് ഇംഗ്ലീഷിൽ കത്ത് തയാറാക്കിയത്.
പത്താം തരത്തിൽ ഇംഗ്ലീഷിലെ ഒന്നാം പാഠം പരിസ്ഥിതിയെ സംബന്ധിച്ചതാണ്. ഈ പാഠം പഠിക്കുമ്പോളാണ് പരിസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് എഴുതാൻ അദ്ദേഹം തന്നെ കുട്ടികൾക്ക് കത്തയച്ചത്. ഇതിനെ തുടർന്ന് എഴുതിയ കത്തിലാണ് ചെങ്ങോടു മലയും സ്ഥാനം പിടിച്ചത്. ജൈവവൈവിധ്യത്തിന്റെ കലവറയായ മലയെ സംരക്ഷിക്കാനുള്ള നടപടി വേണമെന്ന് കുട്ടികൾ ആവശ്യപ്പെടുന്നു.
മല നശിച്ചാൽ പ്രദേശത്തെ നൂറുകണക്കിനാളുകളുൾ കുടിവെള്ള ക്ഷാമം നേരിടുമെന്നും വിദ്യാർഥികളുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ പ്രധാനാധ്യാപിക തങ്കമ്മ മാത്യു, വിദ്യാർഥികളായ എസ്. ആർ. സായന്ത്, എസ്.ദേവഗംഗ, അയന ബാലഗോപാൽ, സജ്ഞയ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസിലെ മുഴുവൻ വിദ്യാർഥികളും കത്തയച്ചത്.