നാദാപുരം: മേഖലയിലെ കരിങ്കല്‍ ക്വാറികൾ വഴി സ്ഫോടക വസ്തുക്കല് പുറത്തേക്ക് പോകുന്നെന്ന് ബലമായ സംശയമുയര്‍ന്നു. അടുത്ത കാലത്തായി പല സ്ഥലത്ത് നിന്നും വിവിധ തരത്തിലുള്ള ബോംബുകള്‍ കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തുമെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താറില്ല. സ്ഫോടക വസ്തുക്കള്‍ പലേടത്ത് നിന്നും ലഭിച്ചതോടെയാണ് പോലീസ് വ്യാപക തെരച്ചിലിനിറങ്ങിയത്.
പലേടത്തുനിന്നും രഹസ്യവിവരങ്ങള്‍ ലഭിക്കുന്നുമുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അരൂരില്‍ കരിക്കീറി ക്വാറിക്കടുത്ത് കാട് പിടിച്ച സ്ഥലത്ത് സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചു വച്ചതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ഏറെയായി പ്രവര്‍ത്തിക്കാത്ത ക്വാറി അടുത്ത നാളുകളിലാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. ആവശ്യമായ ലൈസന്‍സ് ഉണ്ടെന്ന് പ്രചരിപ്പിച്ചാണ് ക്വാറി പ്രവര്ത്തിപ്പിക്കന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
ക്വാറിയുടെ മറവില്‍ മാരക ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ പുറത്തേക്ക് പോകുന്നത് പോലീസിനും തലവേദനയായി. പ്രഹരശേഷി ഏറിയ പൈപ്പ് ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കുകളും ക്വാറി പരിസരത്തുനിന്ന് കണ്ടെത്തിയത്. ബോംബുകളുടെ നിര്‍മാണം തടയാന്‍ പോലീസ് എല്ലാ വഴികളും സ്വീകരിക്കുന്നതിനിടയിലാണ് ഇത്തരം സ്ഫോടകവസതുക്കൾ ക്വാറികൾ വഴി പുറത്തേക്ക് എത്തുന്നത്. ഓലപടക്കങ്ങൾക്ക് പോലും വില്‍പ്പന നടത്താന്‍ പോലീസ് അനുമതിയില്ല. പക്ഷെ മാരക സ്ഫോടക വസ്തുക്കള്‍ ആവശ്യം പോലെ എത്തുന്നതിന് തടയിടാന്‍ കഴിയുന്നുമില്ല.