പത്തനാപുരം: റോഡ് നിര്‍മാണത്തിനായി ഇറക്കിയിട്ടിരിക്കുന്ന പാറ അപകടഭീഷണിയാകുന്നു. കലഞ്ഞൂര്‍ പാടം റോഡില്‍ വാഴപ്പാറയിലാണ് റോഡിലേക്ക് ഇറക്കിയ നിലയില്‍ പാറയുള്ളത്.ഇളമണ്ണൂര്‍ പാടം റോഡ് നിര്‍മാണത്തിന്റെ ഭാഗമായി രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇറക്കിയിട്ട പാറ നീക്കം ചെയ്യാനോ നിര്‍മാണം ആരംഭിക്കാനോ അധികൃതര്‍ തയാറായിട്ടില്ല. വീതി കുറവുള്ള ഭാഗത്ത് ഇറക്കിയിട്ടിരിക്കുന്നതിനാല് രണ്ട് വാഹനങ്ങളൊരുമിച്ചെത്തിയാല് വശം കൊടുക്കാന്‍ പോലും കഴിയില്ല.
രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പെടുന്നതും പതിവാണ്. വീതി കൂട്ടി ഉന്നതനിലവാരത്തില്‍ നിര്‍മിക്കാനുദേശിക്കുന്ന പാതയില്‍ ഇളമണ്ണൂര്‍ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗങ്ങളില്‍ എണ്‍പത് ശതമാനം നിര്‍മാണം പൂര്‍ത്തിയായെങ്കിലും കലഞ്ഞൂര്‍ മുതല്‍ പാടം വരെയുള്ള നിര്‍മാണം ഇഴയുകയാണ്.
നിലവിലുള്ള റോഡ് കാല്‍നടയാത്രപോലും ദുസഹമാകുന്ന തരത്തില്‍ തകര്‍ന്നു കിടക്കുകയുമാണ്. നിര്‍മാണത്തിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തില്‍ റോഡിനോട് ചേര്‍ന്നിറക്കിയ ലോഡ് കണക്കിന് പാറ അനുയോജ്യമായ മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.