തിരുവനന്തപുരം: ഗവർണർക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിശദമായി വാദം കേൾക്കും. ഏഴ് പേർക്കെതിരേ ഐപിസി 124 വകുപ്പ് ചുമത്താനുള്ള കാരണം പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ വിശദീകരിക്കും.
രാഷ്ട്രപതി, ഗവർണർ എന്നിവർക്കുനേരേ ആക്രമണം നടത്തുക, ഇവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക എന്നീ കുറ്റങ്ങൾക്കാണ് ഈ വകുപ്പ് ചുമത്തുക. ഇന്നലെ കോടതി പോലീസിനോട് വിശദീകരണം ചോദിച്ചിരുന്നു.
ഗവർണറുടെ സഞ്ചാരം തടസപ്പെടുത്തുന്നത് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തലാകുമോ എന്ന് കോടതി ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷൻ ഇന്ന് വിശദീകരണം നൽകുക.
കേസിൽ ആറു പേരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ഒരാൾക്ക് ഇന്ന് വൈകിട്ട് അഞ്ചു വരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.