കുന്നംകുളം: മന്ത്രി എ.സി. മൊയ്തീനെ കരിങ്കൊടി കാട്ടിയ സംഭവത്തിൽ രണ്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുന്നംകുളം പോലീസിന്റെ റിപ്പോർട്ട് കുന്നംകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. പോലീസിന്റെ റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണന്ന് കാണിച്ചു കൊണ്ടുള്ള അഡ്വ. മാത്യു ചാക്കപ്പന്റെ വാദം കോടതി അംഗീകരിച്ചു.
ജാമ്യം ലഭിച്ച അന്നു തന്നെ കുന്നംകുളത്തെ സ്വീകരണ പരിപാടിയിൽ ഇരുവരും പങ്കെടുത്തതാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകാൻ കാരണം.യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ചൊവ്വന്നൂർ ചെമ്മന്തിട്ട ആനേടത്ത് നിധീഷ്, പെരുന്പിലാവ് കൊങ്ങത്ത് വീട്ടിൽ വിഘ്നേശ്വര പ്രസാദ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുന്നംകുളം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത് .
രണ്ടാഴ്ച മുന്പ് ചൊവ്വന്നൂരിൽ നിർമാണം പൂർത്തീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി പോവുകയായിരുന്ന മന്ത്രി എ.സി. മൊയ്തീന്റെ വാഹന വ്യൂഹത്തിനു മുന്പിലേക്ക് ചാടിവീണ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. തുടർന്നാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തത്.
പ്രതികൾക്കായി അഡ്വ.മാത്യൂ ചാക്കപ്പൻ ഹാജരായി.