തൊടുപുഴ: സുകൃതം പെയ്തിറങ്ങിയ ചെറിയ പെരുന്നാൾ ദിനത്തിൽ ജനം കാണാനാഗ്രഹിക്കുന്ന ഒരു പോലീസ്കാഴ്ച തൊടുപുഴ കരിങ്കുന്നം പോലീസ് സ്റ്റേഷനിൽനിന്ന്. സ്കൂൾ യൂണിഫോമിട്ടു നനഞ്ഞൊലിച്ചു പരാതി പറയാൻ സ്റ്റേഷനിലെത്തിയ വിദ്യാർഥിയെ ചേർത്തുനിർത്തി തല തുവർത്തിക്കൊടുക്കുന്ന പോലീസുകാരന്റെ കരുതലാണ് പലരുടെയും ഹൃദയം കവർന്നത്.
ഒരു മകനെപ്പോലെ വിദ്യാർഥിയെ അടുത്തുനിർത്തി തല തുവർത്തിക്കൊടുക്കുന്ന രംഗം ഒരാൾ മൊബൈൽ കാമറയിൽ പകർത്തുകയായിരുന്നു. കരിങ്കുന്നം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് അനസാണ് സ്നേഹസ്പർശംകൊണ്ടു കണ്ടുനിന്നവരുടെ മനം കുളിർപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തൊടുപുഴ- പാലാ റൂട്ടിൽ മാനത്തൂർ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഷെൽബിൻ ആണു പരാതി നൽകാൻ സ്റ്റേഷനിൽ നനഞ്ഞൊലിച്ചെത്തിയത്. ഷെൽബിൻ ബസ് കയറുന്ന കുഴിമറ്റത്തു രാവിലെ സ്വകാര്യ ബസുകൾ പതിവായി നിർത്തുന്നില്ലെന്നായിരുന്നു പരാതി. ബസിൽ കയറാനാവാതെ വന്നതോടെ ഈ എട്ടാം ക്ലാസുകാരൻ പരാതി പറയാൻ നേരേ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
നനഞ്ഞൊലിച്ചു വന്ന ഷെൽബിനെ കണ്ട് ഉടൻ ടവ്വൽ കൊണ്ടുവന്നു തല തുവർത്തി ക്കൊടുക്കുകയായിരുന്നു മുഹമ്മദ് അനസ്. പിന്നീട് എസ്ഐ എം.എം. വിജയന്റെ മുന്നിൽ കുട്ടിയെയെത്തിച്ചു. എസ്ഐ ഉടൻതന്നെ കുട്ടിയെ കയറ്റാതെ പോയ ബസിന്റെ ഉടമയെയും ജീവനക്കാരെയും വിളിച്ചുവരുത്തി മേലിൽ ആവർത്തിക്കരുതെന്ന താക്കീതും നൽകി.
തുടർന്ന് ഷെൽബിനെ ആശ്വസിപ്പിച്ചു മഴ തോർന്ന ശേഷമാണു സ്റ്റേഷനിൽനിന്നു പറഞ്ഞു വിട്ടത്. ഈ സ്റ്റോപ്പിൽ യാത്രക്കാർ കുറവുള്ളതുകൊണ്ടാണ് പലപ്പോഴും ബസുകാർ നിർത്താതെ പോകുന്നതെന്നു പറയുന്നു. പരുഷമായി പെരുമാറുന്നതിന്റെ പേരിൽ പോലീസ് പലപ്പോഴും പഴി കേൾക്കുന്പോഴാണു കരിങ്കുന്നം സ്റ്റേഷനിൽനിന്നുള്ള ഹൃദയസ്പർശിയായ ഈ രംഗം.
സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ മുഹമ്മദ് അനീസിന്റെ മറുപടി ഇങ്ങനെ: സ്വന്തം മക്കളെപ്പോലെയല്ലേ എല്ലാ കുട്ടികളും, അതുകൊണ്ടാണ് അവൻ നനഞ്ഞു കയറി വന്നപ്പോൾ ചേർത്തു നിർത്തി തല തുവർത്തിക്കൊടുത്തത്. മുഹമ്മദ് അനീസിന് ബിഗ് സല്യൂട്ട്.