വടക്കഞ്ചേരി: പന്തലാംപാടം- പനംങ്കുറ്റി വാൽക്കുളന്പ് മലയോരപാതയിൽ കാട്ടാനയിറങ്ങുന്ന പനംങ്കുറ്റി പോത്തുചാടി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പു ബോർഡിനുനേരെ സാമൂഹ്യവിരുദ്ധരുടെ പരാക്രമം.
പനംങ്കുറ്റി ഭാഗത്തെ മുന്നറിയിപ്പു ബോർഡാണ് കരിഓയിൽ ഒഴിച്ച് നശിപ്പിച്ചിട്ടുള്ളത്.
ആനയുടെ പടം കാണിക്കുന്ന ഭാഗം കാണാത്തവിധമാണ് കരിഓയിൽ അഭിഷേകം. കാട്ടാനകളുടെ സാന്നിധ്യമുള്ള പ്രദേശം എന്നതും മായ്ച്ചിട്ടുണ്ട്. സ്ഥിരമായി ആനയിറങ്ങി വാഹനങ്ങൾക്കുനേരെ ആക്രമണം ഉണ്ടായപ്പോഴാണ് ഇവിടെ പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രം പാതയോരത്ത് രണ്ടിടത്തായി മാസങ്ങൾക്കുമുന്പ് ബോർഡ് സ്ഥാപിച്ചത്.
രാത്രികാലങ്ങളിലാണ് കാട്ടാനക്കൂട്ടം റോഡു മുറിച്ചുകടന്നാണ് സ്വകാര്യ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്.ആനയിറങ്ങി വിളകളെല്ലാം നശിപ്പിക്കുന്പോഴും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്.പോത്തുചാടി വാച്ചർഷെഡ് മുതൽ പനംങ്കുറ്റി ക്രഷർ വരെ ഒന്നരകിലോമീറ്റർ ദൂരം ആളൊഴിഞ്ഞ ഉയർന്ന പ്രദേശമാണ്.
ഇതിനാൽ മദ്യപസംഘങ്ങളും ഇവിടെ താവളമാക്കുന്നുണ്ട്. ബോർഡ് നശിപ്പിച്ചവരെ കണ്ടെത്താൻ രഹസ്യാന്വേഷണം പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.