കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയിട്ട് ഇന്നേക്ക് മുപ്പതു വർഷം പൂർത്തിയാകുന്പോൾ ആദ്യവിമാനത്തിൽ യാത്രികനായി എത്തിയതിന്റെ നിർവൃതിയിലാണ് എയർപോർട്ട് മുൻ ഡയറക്ടർ സി.കെ. വിജയകുമാർ.ആദ്യവിമാനത്തിലെ വൈമാനികനും മലയാളിയുമായ രാമചന്ദ്രനാണ് തനിക്ക് വിമാനത്തിൽ യാത്ര ചെയ്യാനുളള അവസരം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
1988 കാലഘട്ടത്തിൽ മുംബൈ വിമാനത്താവളത്തിലെ എയർട്രാഫിക് കണ്ട്രോൾ മേധാവിയായിരുന്നു വിജയകുമാർ. 1988 ഏപ്രിൽ 13നാണ് ഇന്ത്യൻ എയർലെൻസിന്റെ ഐ.സി.182 ആദ്യവിമാനം മുംബൈയിൽ നിന്നു പുറപ്പെടുന്നത്. കന്നിയാത്രക്കാരായി മുംബൈയിൽ നിന്ന് കരിപ്പൂരിലേക്ക് മുഖ്യമന്ത്രി കെ.കരുണാകരൻ അടക്കമുളളവരുമുണ്ട്. വിമാനം പറന്നുയരുന്നതിനു തൊട്ടു മുന്‍പാണ്് യാത്രക്കുളള പാസുമായി ഇന്ത്യൻ എയർലെൻസ് തന്നെ തേടിയെത്തിയത്.
ആദ്യവിമാനത്തിലെ യാത്രക്കാരനായ തനിക്ക് പിന്നീട് പത്തു വർഷം കഴിഞ്ഞപ്പോൾ 1998ൽ കരിപ്പൂർ വിമാനത്താവള ഡയറക്ടറായി ചുമതലയേൽക്കാൻ ഭാഗ്യമുണ്ടായി. ഇക്കാലയളിലിൽ എമിഗ്രേഷൻ മനുഷ്യക്കടത്ത്, പ്രിപെയ്ഡ് ടാക്സി പ്രശ്നങ്ങൾ എന്നിവ ദുരീകരിക്കാനായി. 2001ൽ റണ്‍വെ നീളം കൂട്ടുന്ന പ്രവൃത്തികൾ പൂർത്തിയായപ്പോൾ ഹജ്ജ് സർവീസിന് അനുമതി തേടി.
2002 വരെയാണ് വിജയകുമാർ കരിപ്പൂർ എയർപോർട്ട് ഡയറക്ടറായി ചുമതലയിലുണ്ടായിരുന്നത്. കരിപ്പൂരിന്റെ മുപ്പതാം വാർഷികത്തിൽ പങ്കെടുത്ത് അദ്ദേഹം ഹജ്ജ് വിമാന സർവീസുകൾ നിർത്തലാക്കിയതിലെ വേദന കൂടി പങ്കുവച്ചു. ഫറോക്ക് സ്വദേശിയ സി.കെ. വിജയകുമാർ കോയന്പത്തൂരിലാണിപ്പോൾ കുടുംബ സമേതം താമസിക്കുന്നത്.