കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽനിന്ന് സ്വർണവും പണവും നഷ്ടപ്പെടുന്നത് പതിവാകുന്നു. ഹജ്ജ് തീർഥാടനത്തിന് പോയ നാദാപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപയാണ്.
പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 29ന് കരിപ്പൂർ വഴി ഉംറ തീർഥാടനത്തിന് പോയ അബൂബക്കർ ജിദ്ദ വിമാനത്താവളത്തിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് വിലപ്പെട്ടതെല്ലാം നഷ്ടമായതറിഞ്ഞത്.
ബാഗിന്റെ സിബ് പൊട്ടിച്ച് രണ്ടരലക്ഷത്തോളം രൂപയും ഖത്തർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസുമടക്കം അടിച്ചുമാറ്റി. എയർലൈൻസ് അധികൃതരെ പരാതി അറിയിച്ചപ്പോൾ കോഴിക്കോട്ടാണ് അറിയിക്കേണ്ടതെന്നായിരുന്നു മറുപടി.
ദുരനുഭവം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴാണ് താഴെ കമന്റുമായി സമാന അനുഭവസ്ഥരുമെത്തിയത്. കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നേരത്തെയും സമാന പരാതികൾ ലഭിച്ചെന്ന് പോലീസ് പറയുന്നു.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷണം സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല. അതേസമയം ചെക്ക് ഇൻ ലഗേജിൽ സ്വർണവും പണവുമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്ന കാര്യമാണ് എയർലൈൻ അധികൃതർ ഓര്‍മിപ്പിക്കുന്നത്. പരാതി ലഭിച്ചതിൽ പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു.