കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തോടുളള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് മലപ്പുറം പാർലമെന്റ് കമ്മിറ്റി വിമാനത്താവള പരിസരത്ത് നടത്തുന്ന ദ്വിദിന രാപ്പകൽ സമരം തുടങ്ങി.വിമാനത്താവളത്തിൽ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കുക, അവഗണന അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ടുദിവസത്തെ രാവും പകലും സമരം തുടങ്ങിയത്. മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന്റെ മൊത്തം താൽപര്യം സംരക്ഷിക്കേണ്ട ഇടതുപക്ഷ സർക്കാർ കണ്ണൂരിന്റെ കാര്യത്തിൽ മാത്രമാണ് ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു. മലബാറിന്റെ അകമഴിഞ്ഞ സഹായത്താൽ ലാഭകരമായി മുന്നോട്ടു പോയിരുന്ന വിമാനത്താവളത്തെ തകർക്കുവാൻ ചിലർ ആസൂത്രിതമായ നീക്കം നടത്തുകയാണന്നും ഇത്തരത്തിലുളള യൂദാസുമാരെ ജനം തിരിച്ചറിയുമെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. മലബാറിനെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണിത്.
കരിപ്പൂരിനെ ഞെക്കി കൊല്ലാൻ ശ്രമിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരിനെതിരെയും ഉദ്യോഗസ്ഥ ഗൂഡാലോചനക്കെതിരെയും വേണ്ടിവന്നാൽ കോണ്ഗ്രസ് സമരം ഏറ്റടുക്കുമെന്നും ആര്യാടൻ പറഞ്ഞു. പാർലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷനായിരുന്നു.
ടി.വി.ഇബ്രാഹിം എംഎൽഎ, വി.എ കരീം, കെ.പി.അബ്ദുൾ മജീദ്, പി.ടി.അജയ് മോഹൻ, ഇ.മുഹമ്മദ് കുഞ്ഞി, എ.കെ.അബ്ദുറഹ്മാൻ, കെ.കെ.ആലിബാപ്പു, കെ.പി.സക്കീർ, കെ.കെ.റഫീഖ്, എം.കെ.മുഹ്സിൻ, കെ.സി.അബ്ദുറഹ്മാൻ, കെ.എ. കൊടശേരി, പി. നിധീഷ്, സജാദ് ബാബു കളത്തിങ്ങൽ, ലത്തീഫ് കൂട്ടാലുങ്ങൽ, സി.എ.ഫൈറൂസ് എന്നിവർ പ്രസംഗിച്ചു.