വടക്കഞ്ചേരി: ലോക്ക് ഡൗണിന്റെ മറവിൽ കരിപ്പാലി പുഴയിൽ മാലിന്യം കുന്നുകൂടി.അറവുമാലിന്യം ഉൾപ്പെടെ ചാക്ക് കണക്കിന് മാലിന്യമാണ് പുഴയിലേക്ക് വലിച്ചെറിയുന്നത്. ലോക്ക്ഡൗണിൽ റോഡിൽ യാത്രികർ കുറവായതിനാൽ മാലിന്യം തള്ളാനും സൗകര്യമായി.
കക്കൂസ് മാലിന്യം തള്ളുന്നതും പുഴയിലാണ്.വാഹനം പാലത്തിൽ നിർത്തിയാണ് മാലിന്യം തള്ളൽ. കരിപ്പാലി പുഴയും മംഗലം ഡാമിൽ നിന്നും പല പേരുകളിലായി പാളയത്തെത്തുന്ന പുഴയും ഇവിടെ ആര്യങ്കടവ് എന്ന സ്ഥലത്ത് സംഗമിച്ച് പിന്നീട് മംഗലം പുഴയായാണ് ഒഴുകുന്നത്.
ഈ മംഗലം പുഴ ഉറവിടമായി പഞ്ചായത്തുകളുടെ നിരവധി കുടിവെള്ള പദ്ധതികളുണ്ട്. ഈ മാലിന്യങ്ങളെല്ലാം ഒഴുകി കുടിവെള്ളത്തിൽ കലരുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.
മനുഷ്യർക്ക് ഛർദ്ദിയും വയറിളക്കത്തിനും കാരണമാകുന്ന ക്വാളിഫോം ബാക്ടീരിയയുടെ അളവ് മംഗലംപുഴ വെള്ളത്തിൽ ആശങ്കപ്പെടുത്തും വിധം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.മനുഷ്യവിസർജ്യം വെള്ളത്തിൽ കലരുന്പോഴാണ് ക്വാളിഫോം ബാക്ടീരിയയുടെ അളവ് കൂടുക.
മംഗലം പാലത്ത് ശബരിമല സീസണിൽ അയൽസംസ്ഥാന തീർത്ഥാടകർ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നത് ടാർ റോഡുകളിലും പരിസരത്തുമാണ്. മഴക്കാലത്ത് ഈ മാലിന്യവും പുഴയിലെത്തും.ഇതിനാൽ പുഴ സംരഷണ നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം.