കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സംഘം ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തി. ഇവിടെ നിന്നും ലാപ്ടോപ്പും, പോലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു.
ഈ മാസം ഏഴിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. പരോളിൽ കഴിയുന്ന ഷാഫി ഈ സമയം വീട്ടിലുണ്ടായിരുന്നു. അർജുൻ ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ വീട്ടിലായിരുന്നുവെന്ന വിവരത്തെ തുടർന്നാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്.
ടിപി കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിയുടെ വീട്ടിലും കസ്റ്റംസ് സംഘം എത്തി. എന്നാൽ വീട് പൂട്ടിക്കിടന്നതിനാൽ മടങ്ങി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടി സുനിക്കും ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നാണ് കസ്റ്റംസ് ഇയാളുടെ തലശേരിക്കടുത്ത ചൊക്ലിയിലെ വീട്ടിലെത്തിയത്.
അർജുൻ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. രാവിലെ അർജുനിന്റെ അഴീക്കലിലെ വീട്ടിലും കാർ ഒളിപ്പിച്ചുവച്ച കപ്പക്കടവിലെ പ്രവർത്തിക്കാത്ത ഉരു നിർമാണശാലയിലും എത്തിച്ച് തെളിവെടുത്തു.
കണ്ണൂരിൽനിന്നുള്ള 13 പേർക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമുണ്ടെ ന്നാണ് കസ്റ്റംസ് അന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് നടന്നേക്കുമെന്നും സൂചനയുണ്ട്.