കൊണ്ടോട്ടി: കരിപ്പൂരിൽ യാത്രക്കാരുടെ ബാഗേജുകളിൽ നിന്നു വിലപിടിപ്പുളള സാധനങ്ങൾ മോഷണം പോയതു ദുബായിൽ നിന്ന്. എയർപോർട്ട് അഥോറിറ്റിയും കരിപ്പൂർ പോലീസും വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കരിപ്പൂരിൽ വച്ച് ബാഗേജുകൾ മോഷണം പോയിട്ടില്ലെന്നു കണ്ടെത്തിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്നാണെന്ന് ബാഗേജുകൾ നഷ്ടമായതെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച ദുബായിൽ നിന്നു കരിപ്പരിലെത്തിയ യാത്രക്കാരിൽ നിന്നാണ് ബാഗേജിലെ വിലപിടിപ്പുള്ള സാധാനങ്ങൾ മോഷണം പോയത്. എയർപോർട്ട് അഥോറിറ്റി, കേന്ദ്ര സുരക്ഷസേന, പോലീസ് എന്നിവർ വിമാനത്താവളത്തിലെ സിസിടി കാമറകളടക്കം പരിശോധിച്ചതിൽ നിന്നാണ് മോഷണം കരിപ്പൂരിൽ നടന്നിട്ടില്ലെന്നു ബോധ്യമായത്.
പരാതിയുയർന്ന യാത്രക്കാരുടെ ബാഗേജുകൾ കൈകാര്യം ചെയ്തിരിക്കുന്നതു ദുബായിലാണ്. ദുബായ് എയർപോർട്ട് അഥോറിറ്റിയും സുരക്ഷാഏജൻസികളും വിഷയം ഏറ്റെടുക്കുകയും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നു എയർപോർട്ട് അഥോറിറ്റി അറിയിച്ചു. കരിപ്പൂരിൽ നിന്നു യാത്ര പുറപ്പെട്ടവരുടെ ഭാഗത്തു നിന്നു ഇതുവരെ സമാന രീതിയിലുളള പരാതികളൊന്നും ലഭിച്ചിട്ടില്ല. കരിപ്പൂരിലെ സുരക്ഷ നടപടികൾ ഫലപ്രദമാണെന്നു അഥോറിറ്റി പറയുന്നു. കരിപ്പൂരിൽ 24 അന്താരാഷ്ട്ര വിമാനങ്ങൾ ദിനേന വരുന്നുണ്ട്.
ദുബായിലെ ടെർമിനൽ ടുവിൽ നിന്നു പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പരാതിപ്പെട്ടത്. കരിപ്പൂരിൽ യാത്രക്കാരുടെ ബാഗേജിൽ നിന്നു വിലപിടിപ്പുളള സാധനങ്ങൾ മോഷണം പോയതു സംബന്ധിച്ചു എയർഇന്ത്യ എക്സ്പ്രസ് ദുബായ് റീജണൽ മാനേജരാണ് ദുബായ് പോലീസ്, ദുബായ് ഗ്രൗണ്ട് ഹാന്റിലിംഗ് വിഭാഗങ്ങൾക്കു പരാതി നൽകിയത്. ഇതിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ 20 യാത്രക്കാർക്ക് ബാഗേജുകൾ നഷ്ടപ്പെട്ടതായി പരാതിയുയർന്നു. കരിപ്പൂർ, നെടുന്പാശേരി, തിരുവനന്തപുരം, മുംബൈ, ഡെൽഹി, മംഗളൂരു വിമാനത്താവളത്തിൽ നിന്നു മാത്രമായാണ് 20 പരാതികൾ ലഭിച്ചത്. ചൊവ്വാഴ്ച കരിപ്പൂരിൽ ആറു യാത്രക്കാരുടെ ബാഗേജുകളിൽ നിന്നു വിലപിടിപ്പുളള സാധനങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പാശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് 20 പരാതികൾ ലഭിച്ചത്.
ഹാൻഡ് ബാഗേജിലും ലഗേജിലുമുളള ബാഗുകളിലെ പൂട്ട് തകർത്താണ് യാത്ര രേഖകൾ, വിലപിടിപ്പുള്ള വസ്തുക്കൾ, വിദേശ കറൻസി, വാച്ച്, സ്വർണം തുടങ്ങിയവയാണ് മോഷ്ടിക്കപ്പെടുന്നത്. എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പുറപ്പെടുന്നതു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്നാണ്.
ഈ വിമാനത്തിൽ എത്തിയവർക്കാണ് ബാഗ് നഷ്ടമായത്. ദുബായ് വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാന്റ്ലിംഗ് ജീവനക്കാർക്കു ലഗേജ് കൈമാറ്റുന്നിടത്ത് വച്ചാണ് പെട്ടികൾ പൊട്ടിക്കുന്നതെന്നാണ് സംശയമുയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗൾഫ് യാത്രക്കാർ വിലപിടിച്ച സാധനങ്ങൾ കൊണ്ടുവരുന്പോൾ സൂക്ഷ്മതയും ശ്രദ്ധയും പുലർണം.
വിലപിടിച്ച സാധനങ്ങൾ സൂക്ഷിച്ച ഹാൻഡ് ബാഗ് കൈവശംവയ്ക്കാൻ അനുവദിക്കാതെ ലഗേജിലേക്കു മാറ്റാൻ ആവശ്യപ്പെടുകയാണെങ്കിൽ അവ പൂർണമായും മാറ്റിയതിനു ശേഷം ലഗേജിലേക്കു കൈമാറണം.
ഡി.ഡി, ചെക്കുകൾ, കറൻസി, വിലപ്പെട്ട രേഖകൾ, സ്വർണം അടക്കം കൈവശംവച്ചതിനു ശേഷമേ ഹാൻ്ഡ് ബാഗേജ് ഉദ്യോഗസ്ഥർക്കു ലഗേജിലേക്ക് മാറ്റാൻ കൊടുക്കേണ്ടത്. വിലപിടിപ്പുളള സാധനങ്ങൾ ചെറിയ ഹാൻഡ് ബാഗിൽ കൊണ്ടുവരാനും ശ്രദ്ധിക്കണം. അനുവദനീയമായ തൂക്കത്തിൽ മാത്രം ഹാൻഡ് ബാഗേജ് കൊണ്ടുവരണമെന്നും അധികൃതർ പറഞ്ഞു.
കരിപ്പൂരിൽ പുതിയ എക്സ്റേ സംവിധാനം
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനകൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനായി ഒരു എക്സ്റേ യന്ത്രം കൂടി സ്ഥാപിച്ചു. അത്യാധുനിക സെൻസർ സംവിധാനങ്ങളോട് കൂടിയാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. മയക്കു മരുന്ന്, സ്വർണം എന്നിവ കൂടുതൽ കാര്യക്ഷമമായി കണ്ടെത്താൻ സംവിധാനത്തിനാകും. നിലവിൽ രണ്ടു എക്സ്റേ മെഷിനകൾ കരിപ്പൂരിൽ പ്രവർത്തിക്കുന്നുണ്ട്.