കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളുടെ വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിക്കുന്നത് തുടർക്കഥ. പ്രവാസികളുടെ പ്രതിഷേധം ശക്തമായതോടെ എയർപോർട്ട് അധികൃതർ അന്വേഷണം തുടങ്ങി. സംഭവത്തിൽ ദുബായ് പോലീസിൽ എയർ ഇന്ത്യ പരാതി നൽകും.
പല വസ്തുക്കളുടെയും കാലിപെട്ടികൾ മാത്രമാണ് യാത്രക്കാർക്ക് ലഭിച്ചത്. സ്വർണം, വിദേശ കറൻസികൾ, ബ്രാൻഡഡ് വാച്ചുകൾ എന്നിവയാണ് പതിവായി മോഷണം പോകുന്നത്. എക്സ്റേ മെഷീനുള്ള ഭാഗത്ത് സിസിടിവി കാമറ സ്ഥാപിച്ചതിനെത്തുടർന്നു പരാതികളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു. എന്നാൽ വീണ്ടും മോഷണം പതിവായതോടെ പ്രവാസി സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്.
എയർപോർട്ട് അധികൃതർക്കെതിരെ സാമൂഹികമാധ്യമങ്ങളിലും ട്രോൾമഴയാണ്. കസ്റ്റംസ് ഹാളിൽ നിന്നു ബാഗേജ് കൈപ്പറ്റിയ ശേഷമാണ് പലരും അവയുടെ ലോക്കുകൾ പൊട്ടിച്ചതായി അറിയുന്നത്. ചില ബാഗേജുകളുടെ സിബുകൾ വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു.
പണവും വിലയേറിയ വസ്തുക്കളും കൈവശപ്പെടുത്തിയ ശേഷമാണ് ബാഗേജ് പുറത്തെത്തിച്ചിരിക്കുന്നത്. വിലകൂടിയ വസ്തുക്കളുള്ള ബാഗുകൾ പ്രത്യേകം നിരീക്ഷിച്ചാണ് കളവുകൾ. നേരത്തെ വിദേശികളുടെ ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ കൊള്ളയടിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മുൻപ് യാത്രക്കാരന്റെ ബാഗിൽ നിന്നും സ്വർണം മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥൻ പോലീസ് കസ്റ്റഡിയിലായ സംഭവത്തെത്തുടർന്നു നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനത്തിലെ ആറു യാത്രക്കാർക്കാണ് നാലു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ നഷ്ടപ്പെട്ടത്. യാത്രക്കാർ എയർ ഇന്ത്യക്കും എയർപോർട്ട് അഥോറിറ്റിക്കു പരാതി നൽകി.
ബാഗിലെ സാധനങ്ങൾ കരിപ്പൂരിൽ വച്ചാണോ നഷ്ടപ്പെട്ടതെന്നു പരിശോധിച്ചു വരികയാണ്. വിമാന കന്പനികളുടെ ജീവനക്കാരിൽ നിന്നും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. യാത്രക്കാർ തന്നെ ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.