കൊണ്ടോട്ടി: കോവിഡ് 19 മൂലം ഗത്യന്തരമില്ലാതെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് തിരിക്കന്ന പ്രവാസികളേയും സ്വർണക്കടത്ത് സംഘം കരിയർമാരാക്കി കരവലയത്തിലാക്കുന്നു. കോവിഡ് 19നെ തുടർന്ന് ഗൾഫിൽനിന്നുളള വിമാനങ്ങളിൽ പരിശോധനകൾ കുറയുമെന്ന തെറ്റിദ്ധരിപ്പിച്ചാണ് സ്വർണക്കടത്തിന് യാത്രക്കാരെ പ്രേരിപ്പിക്കുന്നത്.
ഇന്നലെ കരിപ്പൂരിലെത്തിയ നാല് യാത്രക്കാരിൽ നിന്ന് 2.21 കിലോ സ്വർണമിശ്രിതമാണ് കസ്റ്റംസ് വീഭാഗം പിടികുടിയത്. ദുബായിൽ നിന്ന് ഫ്ളൈ ദുബൈ വിമാനത്തിൽ കരിപ്പൂരിലെത്തിയ തലശേരി സ്വദേശികളായ നഫീസുദ്ദീൻ(23), ഫഹദ്(24), പാനൂർ സ്വദേശി ബഷീർ(30), എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജിത്തു(27) എന്നിവരിൽ നിന്ന് 81 ലക്ഷം രൂപ വിലലഭിക്കുന്ന സ്വർണക്കടത്ത് പിടികൂടിയത്.
നഫീസുദ്ദീനിൽ നിന്ന് 288 ഗ്രാം സ്വർണ മിശ്രിതവും, ഫഹദിൽ നിന്ന് 287 ഗ്രാം സ്വർണവും ബഷീറിൽ നിന്ന് 475 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്. ജിത്തുവിൽ നിന്ന് 1153 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.
കുഴന്പു രൂപത്തിലാക്കിയ സ്വർണ മിശ്രിതം പ്രത്യേകം പാക്ക് ചെയ്ത് അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് നാലുപേരും സ്വർണം കൊണ്ടുവന്നത്. മിശ്രിതത്തിൽ നിന്ന് 81 ലക്ഷത്തിന്റെ സ്വർണമാണ് വേർതിരിച്ചെടുത്തത്. നാലു പേരും സമാന രീതിയിൽ കളളക്കടത്ത് നടത്തിയതാണ് കസ്റ്റംസിന് സ്വർണ്ണക്കടത്ത് സംഘം സക്രിയമാകുന്നുവെന്ന് ബോധ്യമായത്.
കളളക്കടത്ത് കാർ ചാർട്ടേർഡ് വിമാനങ്ങളിലെ യാത്രക്കാരേയും കരിയർമാരാക്കുന്നത് കണ്ടെത്തിയതോടെ പരിശോധനകൾ കർക്കശമാക്കി. കോവിഡിനെ തുടർന്ന് വിമാന യാത്രക്കാരെ വിശദപരിശോധനകൾ നടത്തുന്നത് കസ്റ്റംസിന് വെല്ലുവിളിയായിട്ടുണ്ട്.
അടിവസ്ത്രത്തിലടക്കം ഒളിപ്പിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലും സ്വർണക്കടത്ത് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കരിപ്പൂർ കസ്റ്റംസ് കമ്മീഷണർ ടി.എ കിരണ്, സൂപ്രണ്ടുമാരായ കെ.പി മനോജ്,കെ.സുധീർ, എസ്.ആഷ, ഇൻസ്പെക്ടർമാരായ രാമേന്ദ്രസിംങ്, സുമിത്, ജി.നരേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചെടുത്തത്.