സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് വിവാദം കത്തി നില്‍ക്കെ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം നിർബാധം ഒഴുകുന്നു. കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരില്‍ നിന്ന് മാത്രമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഒന്നര കോടിയുടെ സ്വര്‍ണ പിടികൂടിയത്.
കേരളത്തില്‍ സ്വര്‍ണക്കടത്ത് വിവാദം പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുമ്പോഴാണ് സ്വര്‍ണക്കടത്ത് മാഫിയ ഇവയൊന്നും മുഖവിലക്കെടുക്കാതെ കളളക്കടത്ത് നിരുപാധികം തുടരുന്നത്.
റാസല്‍ ഖൈമയില്‍ നിന്ന് സ്പെയ്സ് ജെറ്റ് വിമാനത്തിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം ടി.പി ജിഷാര്‍,കോഴിക്കോട് കോടഞ്ചേരി പി.എം അബ്ദുള്‍ ജലീല്‍,ദോഹയില്‍ നിന്ന് ഖത്തര്‍ വഴി ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവളളി മുഹമ്മദ് റിയാസ് എന്നിവരില്‍ നിന്നാണ് ഒന്നര കോടിയുടെ 3.3 കിലോഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടിയത്.മൂവരും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് എത്തിയത്.
അതീവ രഹസ്യമായി ഒളിപ്പിച്ച സ്വര്‍ണം കടത്തിയവര്‍ കളളക്കടത്ത് കരിയര്മാരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ധരിച്ചിരുന്ന ജീന്‍സിന്റെ പ്രത്യേക പോക്കറ്റിലാണ് 500 ഗ്രാം സ്വര്‍ണമിശ്രിതം ജിഷാര്‍ ഒളിപ്പിച്ചിരുന്നത്.അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 2.045 കിലോ സ്വര്‍ണമിശ്രിതമാണ് അബ്ദുള്‍ ജലീല്‍ നിന്ന് കണ്ടെടുത്തത്.
റിയാസിന്റെ അടിവസ്ത്രത്തില്‍ നിന്ന് 800 ഗ്രാം സ്വര്‍ണം കസ്റ്റംസ് കണ്ടെടുത്തു.മൂവരെക്കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭിച്ചതിനാലാണ് സ്വര്‍ണം കണ്ടെടുക്കാനായത്.സ്വര്‍ണം പൊടിച്ച് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവര്‍ എത്തിച്ചത്.