കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള വെടിവയ്പ് സംഭവത്തിനു രണ്ടു വർഷമാകുന്പോഴും കേസിന്റെ വിചാരണ തുടങ്ങിയില്ല. 2016 ജൂണ് ഒന്പതിനു രാത്രിയാണ് കേന്ദ്രസുരക്ഷ സേനയും അഗ്നിശമന സേനയും തമ്മിലുണ്ടായ കയ്യാങ്കളിയാണ് വെടിവയ്പിൽ കലാശിച്ചത്. സംഭവത്തിൽ സിഐഎസ്എഫ് സബ്ഇൻസ്പെക്ടർ സീതാറാം ചൗധരിയുടെ കൈവശമുണ്ടായിരുന്ന പിസ്റ്റളിൽ നിന്നു വെടിയേറ്റു സിഐഎസ്എഫ് ജവാൻ എസ്.എസ്.യാദവ് കൊല്ലപ്പെട്ടിരുന്നു.
തുടർന്നു വിമാനത്താവളത്തിൽ വ്യാപക അക്രമണ സംഭവങ്ങളും മണിക്കൂറുകളോളം സർവീസ് നിർത്തിവയ്ക്കുകയു ചെയ്തു. വെടിവച്ച സിഐഎസ്എഫ് സബ്ഇൻസ്പെക്ടർ സീതാറാം ചൗധരി കരിപ്പൂരിൽ ഒരു വർഷത്തിലേറെ സംഭവത്തിനു ശേഷവും ജോലി ചെയ്തിരുന്നു.
അഗ്നിരക്ഷാ സേനയിലെ സൂപ്പർവൈസർ അജികുമാറിനെ കാർഗോ ഗേറ്റിൽ സിഐഎസ്എഫ് എസ്ഐ സീതാറാം ചൗധരി ദേഹപരിശോധന നടത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലും വെടിവയ്പിലും കലാശിച്ചത്. സംഘർഷമുണ്ടാകുന്നതിനിടെ പിടിച്ചുമാറ്റാൻ ശ്രമിക്കുതിനിടയിലാണ് യാദവിനു വെടിയേറ്റതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
എസ്.എസ് യാദവിന്റെ തലയിൽ നിന്നു കണ്ടെടുത്ത ഒരു വെടിയുണ്ട സീതാറാം ചൗധരിയുടെ പിസ്റ്റളിൽ നിന്നാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.സീതാറാം ചൗധരി മൂന്നു തവണ വെടിവച്ചതായാണ് പോലീസ് അന്വേഷണത്തിൽ ആദ്യം കണ്ടെത്തിയിത്. ചൗധരിയുടെ പിസ്റ്റളും യാദവിന്റെ ഇൻസാസ് റൈഫിളും ഇവയിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളടങ്ങിയ മാഗസീനുകളും സിഐഎസ്എഫ് പോലീസിനു അന്വേഷണത്തിന്റെ ഭാഗമായി കൈമാറിയിരുന്നു. എന്നാൽ മറ്റു രണ്ടു വെടിയുണ്ടകളുടെ കാര്യത്തിൽ അവ്യക്തതയായിരുന്നു.
തോക്ക് ബാലിസ്റ്റിക് പരിശോധനക്ക് കൊച്ചിയിലെത്തിച്ചു പരിശോധിച്ചെങ്കിലും പിസ്റ്റളിൽ നിന്നു എത്ര റൗണ്ട് വെടി പൊട്ടിയെന്നു വ്യക്തമായ ഫലം ലഭിച്ചിരുന്നില്ല. തുടർന്ന് പോലീസ്, കോടതിയിൽ ഒരു വർഷം മുന്പാണ് കേസ് ഡയറി സമർപ്പിച്ചത്. ഐപിസി 304 വകുപ്പ് പ്രകാരം കരുതിക്കൂട്ടിയല്ലാത്ത നരഹത്യ, കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി സംഘംചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്.ല