സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം തുടങ്ങി. ഇന്നലെ വൈകുന്നേരമാണ് ഡൽഹിയിൽ നിന്ന് ക്യാപ്റ്റൻ എസ്.എസ്.
ചാഹറിന്റെ നേതൃത്വത്തിലുള്ളസംഘം കരിപ്പൂരിലെത്തിയത്. എഎഐബി രൂപീകരിച്ചതിന് ശേഷം ഇന്ത്യയിൽ അന്വേഷിക്കുന്ന ആദ്യ വിമാന ദുരന്തമാണ് കരിപ്പൂരിലേത്. ആയതിനാൽ ഇവയുടെ അന്വേഷണ രീതിക്കും റിപ്പോർട്ട് സമർപ്പണത്തിനും ഏറെ വ്യത്യസ്തതകളാണുളളത്.
രാജ്യത്ത് വിവിധ ഗ്രൂപ്പുകളിലെ ഉദ്യോഗസ്ഥരെ ബന്ധിച്ച് ക്വാർട്ട് എൻക്വയറിയാണ് വിമാന അപകടങ്ങളിൽ സാധാരണ നടക്കാറുളളത്. ഇവയിൽ പരസ്യമായ തെളിവെടുപ്പും സിറ്റിംഗ് മൊഴിയെടുക്കലും നടക്കും.
എന്നാൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണത്തിൽ ഇത്തരത്തിലുളള രീതിയല്ല ഉണ്ടാവുക. പത്തു ദിവസത്തിനകം പ്രാഥമികാന്വേഷണ റിപ്പോർട്ട് കൊടുക്കണമെന്ന നിബന്ധനയടക്കം എഎഐബിയുടെ അന്വേഷണ രീതിയിലില്ല. ഇതോടെ പ്രിലിമിനറി റിപ്പോർട്ട് പുറത്തുവരില്ലെന്ന് ഉറപ്പായി.
വിമാനത്തിന്റെ ബ്ലാക് ബോക്സുകളിലൊന്നായ കോക്പിറ്റ് വോയ്സ് റിക്കോർഡർ എന്ന സിവി ആറിലുളളത് അന്വേഷണ സംഘം പരസ്യമാക്കില്ല. അപകടത്തിൽപ്പെട്ട വിമാന ക്യാപ്റ്റനും കോ-പൈലറ്റും യാത്രയിൽ തമ്മിൽ പറഞ്ഞതും ഇതോടെ പുറത്തറിയില്ല.
അഞ്ചംഗ അന്വേഷണ സമിതിയിൽ വിമാനത്താവള, വ്യോമഗതാഗത നിയന്ത്രണ മേഖലയിൽ നിന്നുള്ള ആരുമില്ല. അമേരിക്കയുടെ നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ (എൻടിഎസ്ബി) മാതൃകയിലാണ് വിമാന അപകടങ്ങളെക്കുറിച്ചുളള അന്വേഷണത്തിന് കേന്ദ്രം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) രൂപീകരിച്ചത്.
സ്ഥിരം അംഗങ്ങളും മേധാവികളും ഉപമേധാവികളുമുളള സ്ഥാപനത്തിന് ആദ്യം കിട്ടുന്ന വിമാന അപകട അന്വേഷണമാണിത്. രാജ്യാന്തര വ്യോമഗതാഗത സംഘടന ഇക്കാവോയുടെ നിബന്ധനകൾ പാലിച്ച് എട്ടുകൊല്ലം മുന്പാണ് കേന്ദ്രം ബ്യൂറോ രൂപീകരിച്ചത്.
2010 ലെ മംഗലാപുരം അപകടം ഉൾപ്പടെ രാജ്യത്തെ വിമാനാപകടങ്ങളെല്ലാം അന്വേഷിച്ചിരുന്നത് ഇതിനായി മാത്രം രൂപീകരിച്ചിരുന്ന കോർട്ട് ഓഫ് എൻക്വയറി സമിതികളായിരുന്നു. ഒരു അധ്യക്ഷനും നാലഞ്ച് അംഗങ്ങളും സെക്രട്ടറിയുമുളള കോർട്ടിന്റെ അന്വേഷണച്ചുമതല.
വ്യോമസേനയുടെ ഉപമേധാവിയായിരുന്ന എയർ മാർഷൽ ബിഎൻ ഗോഖലെ അധ്യക്ഷനായ സമിതിയായിരുന്നു മംഗലാപുരം അപകട കോർട്ട് ഓഫ് എൻക്വയറിക്ക് നേതൃത്വം നൽകിയത്.
ഇതിൽ എയർലൈൻ ഓപ്പറേഷൻസ്, വിമാന എൻജിനീയറിംഗ്, വിമാനത്താവള-വ്യോമഗതാഗത നിയന്ത്രണം, ഏവിയേഷൻ മെഡിസിൻ എന്നീ മേഖലകളിൽ നിന്ന് ഓരോരുത്തരും, പിന്നെ ഡിജിസിഎയുടെ പ്രതിനിധിയും അംഗങ്ങളായുമുണ്ടായിരുന്നു.