മലപ്പുറം: കരിപ്പൂർ വിമാനദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം വിവിധ തലങ്ങളിൽ പുരോഗമിക്കുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു പുറമേ എയർഇന്ത്യയും ബോയിംഗ് വിമാന കന്പനിയും വ്യത്യസ്തമായി അന്വേഷണങ്ങൾ നടത്തും. സംസ്ഥാന പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബോയിംഗ് 373 വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ തകർന്നു വീഴാനുണ്ടായ യഥാർഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. അപകടത്തിലേക്ക് നയിച്ച സാങ്കേതിക കാരണങ്ങളെ കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുക. അന്വേഷണ റിപ്പോർട്ട് തയാറാകാൻ ഒരു മാസത്തോളമെടുക്കുമെന്നാണറിയുന്നത്.
തകർന്ന വിമാനത്തിന്റെ ബ്ലാക്ക്്് ബോക്സ് ഉൾപ്പെടെയുള്ള സുപ്രധാന വിവരവിനിമയ ഉപകരണങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്.
ഇതു പരിശോധിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിനു കീഴിൽ തന്നെയുള്ള വിമാനസുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായവും ബ്യൂറോ ഉപയോഗപ്പെടുത്തും. അന്താരാഷ്ട്ര വിമാന സുരക്ഷാ ചട്ടങ്ങൾ അനുസരിച്ചുള്ള അന്വേഷണവും കരിപ്പൂർ അപകടത്തെ കുറിച്ച് നടക്കും.
ബോയിംഗ് കന്പനി സ്വന്തം നിലയിലും അന്വേഷണം നടത്തും. ഇതിനായി വിമാനത്തിന്റെ ഡാറ്റാ റിക്കാർഡറുകൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ബോയിംഗിന് കൈമാറും. കരിപ്പൂരിൽ വിമാനം പൂർണമായി തകരാതിരുന്നതും അഗ്്നിക്കിരയാകാതിരുന്നതും മൂലം ഡിജിറ്റൽ രേഖകൾ നഷ്ടപ്പെട്ടിട്ടില്ല.
അപകടം നടന്ന് പിറ്റേന്ന് രാവിലെ തന്നെ ഡൽഹിയിൽ നിന്നു അന്വേഷണ സംഘം കരിപ്പൂരിലെത്തി ഇവയെല്ലാം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിമാനത്തിന്റെ സാങ്കേതിക തകരാറാണോ പൈലറ്റിന്റെ പിഴവാണോ പ്രതികൂല കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്നു ഇപ്പോഴും വ്യക്തമല്ല.
വിമാനത്തിന്റെ ലാൻഡിംഗ് ഗിയറുകൾക്ക് തകരാർ സംഭവിച്ചതാണ് അപകടത്തിനു കാരണമായതെന്ന നിലയിൽ വാദങ്ങൾ ഉയരുന്നുണ്ട്. പൈലറ്റിന്റെ അമിത ആത്മവിശ്വാസം മൂലമാണ് അപകടം സംഭവിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്.
റണ്വേയിലുണ്ടായ വെള്ളം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതായും കാലാവസ്ഥ പ്രതികൂലമായിരുന്നെന്ന വിശകലനങ്ങളും ഉണ്ട്.