കൊണ്ടോട്ടി: വിമാന അപകടത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവള റണ്‍വേയുടെ രണ്ടറ്റവും കഴിഞ്ഞുളള വലിയ ഗർത്തങ്ങൾ ഒഴിവാക്കാൻ നടപടിവരുന്നു.
റണ്‍വേ അറ്റങ്ങളിൽ റിസക്കുള്ള ഭാഗങ്ങളിൽ സുരക്ഷിതത്വമൊരുക്കും. അപകടത്തിന്റെ അന്വേഷണത്തോടൊപ്പം റണ്‍വേയുടെ രണ്ടറ്റങ്ങളും ഡിജിസിഎ പരിശോധിക്കുന്നുണ്ട്. കരിപ്പൂരിൽ ഒന്നര വർഷം മുന്‍പാണ് റണ്‍വേ റീ-കാർപ്പറ്റിംഗ് പൂർത്തീകരിച്ചത്.
65 കോടി മുടക്കിയാണ് റണ്‍വേ നവീകരണ പ്രവൃത്തികൾ നടത്തിയത്. വിമാനങ്ങൾ വന്നിറങ്ങി ബലക്ഷയം കണ്ടത്തെിയ 400 മീറ്റർ റണ്‍വേ ഭാഗം പൊളിച്ചുമാറ്റി പുതിയത് സ്ഥാപിച്ചും ശേഷിക്കുന്നിടം ടാറിംഗ് നടത്തിയുമാണ് നവീകരിച്ചിരുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ റണ്‍വേ എൻഡ് സേഫ്റ്റി ഏരിയ(റിസ) വികസിപ്പിച്ചിരുന്നു. റണ്‍വേയിൽ നിന്നു വിമാനങ്ങൾ തെന്നിനീങ്ങിയാൽ പിടിച്ചുനിർത്തുന്ന സ്ഥലമാണ് റിസ.
റിസയുടെ നീളം 90 മീറ്ററിൽ നിന്നു 240 മീറ്ററായാണ് വർധിപ്പിച്ചത്. റണ്വയിലെ പ്രകാശ സംവിധാനം പുനഃക്രമീകരിച്ചാണ് റിസ പ്രവൃത്തി പൂർത്തിയാക്കിയത്. അഞ്ച് അന്താരാഷ്ട്ര കന്പനികൾ ആറു കോടി മുടക്കിയാണ് റണ്‍വെയിൽ റിസ വർധിപ്പിച്ചത്.
ഒരു വിമാനം ലാൻഡ് ചെയ്യുന്പോൾ റണ്‍വേക്ക് താങ്ങാനാവുന്ന വിമാനത്തിന്റെ ഒരു ടയറിന്റെ ഭാരത്തെ സൂചിപ്പിക്കുന്ന പിസിഎൻ (പേവ്മെന്റ് ക്ലാസിഫിക്കേഷൻ നന്പർ) 55ൽ നിന്ന് 71 ആയി വർധിപ്പിച്ചതുമാണ്. റണ്‍വേയിലെ ടാറിംഗ് പൂർത്തിയാക്കി വശങ്ങളിൽ മണ്ണിട്ട് നികത്തി വൈദ്യുതീകരണ പ്രവൃത്തികളും നടത്തിയാണ് നവീകരിച്ചിരുന്നത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുളള യൂറോപ്യൻ ലൈറ്റിംഗ് സംവിധാനമാണ് കരിപ്പൂരിൽ സ്ഥാപിച്ചിട്ടുളളത്. ഇതോടെയാണ് കരിപ്പൂർ അപകടം റണ്‍വേയല്ല എന്ന നിഗമനത്തിലേക്ക് അധികൃതർ എത്തിയത്. എന്നിരുന്നാലും അറ്റങ്ങളിലെ ഗർത്തം ഒഴിവാക്കാനുളള നടപടികളാണ് അഥോറിറ്റി കൈക്കൊള്ളാനിരിക്കുന്നത്.