സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കരിപ്പൂർ വിമാന ദുരന്തത്തെത്തുടർന്ന് നിർത്തലാക്കിയ വലിയ വിമാനങ്ങൾക്കുളള അനുമതി നിലവിലെ വിമാന ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം മാത്രം.
വ്യോമായാന മന്ത്രാലയമാണ് കരിപ്പൂരിൽ അപകടം നടന്ന തൊട്ടടുത്ത ദിവസം മുതൽ വലിയ വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ സൗദി എയർലെൻസ്, എയർ ഇന്ത്യയുടെ ജെന്പോ വിമാനങ്ങൾക്ക് അനുമതിയില്ലാതെയായി.
കഴിഞ്ഞ ഏഴിനാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായിയിൽ നിന്നുളള വിമാനം ലാൻഡിംഗിനിടെ കരിപ്പൂരിൽ അപകടത്തിൽപ്പെട്ട് 19 പേർ മരിച്ചത്. ഡിജിസിഎ, എയർഇന്ത്യ എക്സപ്രസ്, വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.
അപകടത്തിൽപ്പെട്ട വിമാനത്തിന്റെ കന്പനിയായ ബോയിംഗ് അധികൃതരും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ എയർട്രാഫിക് മാനേജ്മെന്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജെ.പി അലക്സ്, സി.എൻ.എസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പാൻസിംഗ് എന്നിവരുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.
ഇതിൽ എയർ ഇന്ത്യയുടെ സംഘമൊഴികെ മറ്റു സംഘങ്ങളെല്ലാം മടങ്ങി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ റിപ്പോർട്ടും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോർട്ടും പരിഗണിച്ചായിരിക്കും വലിയ വിമാനങ്ങളുടെ ഗതി നിശ്ചയിക്കുക.
അഞ്ചുമാസം കൊണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് എഎഐ ബിയോട് നിർദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് അടുത്ത വർഷം ജനുവരിയിലായിരിക്കും സമർപ്പിക്കുക.
ഇതിന് ശേഷമാവും വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങൾക്കുളള അനുമതി പരിഗണിക്കുക. കരിപ്പൂരിൽ 2015 ൽ റണ്‍വേ റീ-കാർപ്പറ്റിംഗിനായി നിർത്തലാക്കിയ വലിയ വിമാനങ്ങൾക്ക് പിന്നീട് മൂന്ന് വർഷത്തിന് ശേഷമാണ് വീണ്ടും അനുമതി നൽകിയത്.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ(അകാവോ) മാനദണ്ഡങ്ങൾ പാലിച്ചാണ് റണ്‍വേയും റണ്‍വേയുടെ എൻഡ് സേഫ്റ്റി ഏരിയയും(റിസ) നവീകരിച്ചത്.