സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ അപകടത്തിൽപ്പെട്ട വിമാനം മാറ്റുന്നതിന് കൃത്യമായ രൂപരേഖയുമായി എയര്‍ ഇന്ത്യ. വിമാനം നിര്‍ത്തിയിടുന്ന സ്ഥലത്ത് വിമാനത്തിന്റെ ഓരോ ഭാഗങ്ങളും കൊണ്ടുവരേണ്ടതിന്റെയും
നിശ്ചിത സ്ഥലത്ത് വയ്ക്കേണ്ടതിന്റെയും നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ക്ക് ചെയ്തു വിമാനത്തിന്റെ ഇന്ധന ടാങ്കില്‍ അവശേഷിക്കുന്ന ഇന്ധനം പൂര്‍ണമായും നീക്കി, വയറിംഗ് വേര്‍പ്പെടുത്തിയാണ് ചിറുകുകള്‍ അടക്കം നീക്കുക.
മൂന്നു കഷ്ണമായി പിളര്‍ന്ന വിമാനം സംഭവസ്ഥലത്തുനിന്ന് മാറ്റാന്‍ എയര്‍ ഇന്ത്യയ്ക്ക് കോടികളുടെ ചെലവാണുള്ളത്. വിമാനം അപകടസ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലേക്ക് മാറ്റുന്നതിനാണ് ഒരു കോടിക്ക് മുകളില്‍ ചെലവ് വരുന്നത്.
എയര്‍പോര്‍ട്ട് അഥോറിറ്റി കേന്ദ്രസുരക്ഷ സേനയുടെ ബാരിക്കേഡിന് സമീപത്തായാണ് വിമാനം നിര്‍ത്തിയിടാന്‍ പ്രത്യേക കോണ്‍ക്രീറ്റ് പ്രതലം തയാറാക്കിയത്. പാറപോലുളള സ്ഥലം നിരപ്പാക്കി പ്രതലമൊരുക്കാന്‍ മാത്രം അരക്കോടിയിലേറെ രൂപയാണ് ചെലവ് വന്നത്.
വിമാനം ഇവിടേക്ക് മാറ്റിയാല്‍ മേല്‍ക്കൂര പണിയണം. ഇതിന് വീണ്ടും ലക്ഷങ്ങള്‍ ചെലവഴിക്കണം. വിമാനം സംഭവ സ്ഥലത്ത് നിന്ന് ക്രെയ്നുകള്‍ ഉപയോഗിച്ച് മാറ്റാനും ലക്ഷങ്ങളുടെ ചെലവാണുളളത്. വിമാനത്തിന്റെ മുഖഭാഗമായിരിക്കും ആദ്യം സംഭവ സ്ഥലത്ത് നിന്ന് കൊണ്ടുപോകുക.
പിന്നീട് മറ്റുഭാഗങ്ങൾ ഘട്ടംഘട്ടമായി കൊണ്ടുപോകും.ഇന്ധന ടാങ്കില്‍ കുറഞ്ഞതോതില്‍ ഇന്ധനമുളളതിനാല് ഇതിലേക്ക് വെളളം നിറച്ച് പൂര്‍ണമായും ശുചീകരിച്ചാണ് കൊണ്ടുപേകുക. വിമാനം പത്ത് ദിവസത്തിനകം സംഭവ സ്ഥലത്ത് നിന്ന മാറ്റാനാണ് എയര്‍ഇന്ത്യയുടെ ശ്രമം.