
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്കുളള അനുമതി നിര്‍ത്തലാക്കിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. വലിയ വിമാനങ്ങള്‍ക്കുളള അനുമതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തി്.
പ്രശ്നം ഈ മാസം ഏഴിന് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന കരിപ്പൂര്‍ ഉപദേശക സമിതിയും ചര്‍ച്ച ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയും രാഷ്ട്രീയ സാംസ്കാരിക സംഘടനകളും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
കഴിഞ്ഞ ഏഴിന് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍ പ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി പിന്‍വലിച്ചത്.
മൂന്ന് പതിറ്റാണ്ടായി ലാഭത്തിലോടിക്കൊണ്ടിരിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ ഒരു അപകടത്തിന്റെ പേരില്‍ തകര്‍ക്കാനുള്ള അധികൃതരുടെ ശ്രമം സ്വകാര്യ ലോബിയെ സഹായിക്കാൻ വേണ്ടിയാണെന്ന് വെല്‍ഫെയര്‍പാര്‍ട്ടി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
സ്ഥലപരിമിതിയല്ല വിമാനാപകടത്തിന് കാരണമെന്നിരിക്കെ കരിപ്പൂരിനുവേണ്ടി കണ്ണീരൊഴുക്കുന്ന ചില സംഘടനകള്‍ ഇപ്പോഴും ഭൂമി ഏറ്റെടുക്കലിനെ കുറിച്ചും റണ്‍വേയുടെ അസൗകര്യത്തെക്കുറിച്ചും പറയുന്നത് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തം നിലയ്ക്കും സമാന ചിന്താഗതിക്കാരുമായി സഹകരിച്ചും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാനത്തെ ഹാജിമാര്‍ക്കും പ്രവാസികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും ഉപകാരപ്രദമായ കരിപ്പൂര്‍ വിമാനത്താവളത്തെ പൂര്‍വസ്ഥിതിയില്‍ നിലനിര്‍ത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവരണമെന്നും കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് നിവേദനം
കരിപ്പൂരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ഡവലപ്പ്മെന്റ് ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര വ്യോമയാന മന്ത്രി ഹര് ദീപ് സിംഗ്പുരി,
കേന്ദ്ര വിദേ ശകാര്യ സഹമന്ത്രി വി.മുരളീധരന്, വ്യോമയാന വകുപ്പ് സെക്രട്ടരി പ്രദീപ് സിംഗ് കരോള, വ്യോമയാന വകുപ്പിന്റെ പാര്‍ലിമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് വെങ്കടേഷ് എം.പി തുടങ്ങിയവര്‍ക്ക് നിവേദനം നല്കി.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ എംഡിഎഫ് ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുള്ള കാവുങ്ങലാണ് കത്ത് നല്‍കിയത്.ചെറിയ ഇനത്തില്‍പ്പെട്ട വിമാനം തകര്‍ന്നത് മൂലം വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തി വച്ചതില്‍ ദുരൂഹതയുണ്ടെന്ന് എംഡിഎഫ് പ്രസിഡന്റ് കെ.എം.ബഷീര്‍ പറഞ്ഞു.