മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തിൽ പരിക്കേറ്റവരിൽ 83 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലാണ് ഇവരുള്ളത്. ഇതിൽ 19 പേർ അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല.
190 യാത്രക്കാരുമായി വെള്ളിയാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ തകരുകയായിരുന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ചു.
മെഡിക്കൽ നിരീക്ഷണത്തിനു ശേഷം പിന്നീടുള്ള ദിവസങ്ങളിൽ ഏതാനും പേർ വീടുകളിലേക്ക് മടങ്ങി. ഇതുവരെ 89 പേരാണ് വിവിധ ആശുപത്രികളിൽ നിന്നു ഡിസ്ചാർജ് ആയത്. ഇന്നലെ മാത്രം 59 പേർ വീടുകളിലേക്ക് മടങ്ങി.
ആശുപത്രികളിൽ കഴിയുന്ന 83 പേരിൽ 61 പേരുടെ നില ഗുരുതരമല്ല. 19 പേർ സാരമായ പരിക്കുകളുമായാണ് കഴിയുന്നത്. ഇതിൽ മൂന്നു പേർ വെന്റിലേറ്ററിലാണ്.
ആശുപത്രികളിൽ കഴിയുന്നവരിൽ 16 കുട്ടികളുണ്ട്. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലാണ് കൂടുതൽ പേർ ചികിൽസിയിലുള്ളത്. പരിക്ക് ഗുരുതരമല്ലാത്തവർക്ക് അടുത്ത ദിവസങ്ങളിൽ ആശുപത്രി വിടാനാകും.