സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 18 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിന്റെ പിഴവ് എയർട്രാഫിക് കണ്‍ട്രോളിനും കണ്ടെത്താനായില്ല.
വിമാന ലാന്റിംഗിന് സുരക്ഷിതമൊരുക്കി പൈലറ്റിനെ സഹായിക്കുന്ന എയർട്രാഫിക് കണ്ട്രോൾ യൂണിറ്റിനെപ്പോലും ഞെട്ടിച്ചാണ് വിമാനം അപകടത്തിൽപ്പെട്ടത്. പതിവ് ദിശയിൽ നിന്ന് മാറ്റി വിമാനം ലാൻഡിംഗ് നടത്തിയപ്പോഴും അപകടക്കെണി എടിസി കണ്ടിരുന്നില്ല.സുരക്ഷിത ലാന്റിംഗിന് അനുമതി നൽകി മിനിറ്റുകൾക്കകമാണ് അപകടമുണ്ടായത്.
റണ്‍വേയുടെ ദിശമാറ്റവും ലാന്റിംഗ് നേർരേഖ തെറ്റിയാണ് കരിപ്പൂർ വിമാന അപകടത്തിന് കാരണമായതെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. വിമാന അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ വിമാനത്തിന്റെ ബ്ലേക്ക് ബോക്സ് അടക്കം പരിശോധിച്ച് കണ്ടെത്തുന്ന ശ്രമത്തിലാണ് ഡിജിസിഎ ഇവർ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറും.
വെളളിയാഴ്ചയാണ് 18 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാന അപകടം കരിപ്പൂരിലുണ്ടായത്. പ്രതികൂല കാലാവസ്ഥയിൽ വിമാനം മൂന്നു തവണ ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് റണ്‍വേയുടെ കിഴക്ക് ഭാഗത്ത് ആദ്യം ലാന്റിംഗിന് ശ്രമിച്ചത്.
പതിവായി വിമാനങ്ങൾ ലാൻഡിംഗ് നടത്തുന്നത് കിഴക്ക് ഭാഗത്താണ്. 3800 അടിയോളം താഴ്ന്ന് വന്നതിന് ശേഷം നടത്തിയ ലാംന്റിംഗ് വിഫലമായതോടെ വിമാനം വീണ്ടും പറന്നുയരുകയും ചെയ്തു. തുടർന്നാണ് പടിഞ്ഞാറ് ഭാഗത്ത് നിന്നും (റണ്‍വേ 10) ലാന്റ് ചെയ്യാൻ പൈലറ്റ് തയാറായത്. ഇതിനും എയർട്രാഫിക് കണ്ട്രോൾ അനുമതി നൽകി.
എന്നാൽ റണ്‍വേ ടെച്ച് ലൈനിൽനിന്നും 4200 അടിയിലേറെ മുന്നോട്ട് കടന്നാണ് വിമാനം റണ്‍വേ തൊട്ടത്. പ്രതീക്ഷിച്ച നേർരേഖയിൽ നിന്ന് വിമാനം ഓവർഷൂട്ട് ചെയ്തതോടെ വിമാനം നിയന്ത്രിക്കാൻ പൈലറ്റിന് സാധിച്ചില്ല.
മഴ മൂലം വിമാനം ബ്രക്കിംഗ് സംവിധാനം ഉപയോഗിച്ച് നിർത്താനുള്ള ശ്രമവും പാളി. റണ്‍വേയുടെ അവസാന ഭാഗത്ത് ഘടിപിച്ചിരിക്കുന്ന ഐഎൽഎസ് ആന്റിനകൾ തകർത്ത് വിമാനം 35 അടി താഴേക്ക് കൂപ്പുകൂത്തിയത്.
കരിപ്പൂർ വിമാന അപകടം സംബന്ധിച്ച് എയർട്രാഫിക് കണ്ട്രോളിൽ നിന്ന് വിശദീകരണം അന്വേഷണ സംഘം തേടിയിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡിംഗ് നടത്തുന്നതിന് അനുമതി നൽകിയതിന് തൊട്ടുപിറകെയാണ് വൻ ദുരന്തമുണ്ടായത്.