സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: വിമാനാപകടത്തിന് രണ്ട് മാസമാകുമ്പോഴും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കാത്ത് കരിപ്പൂര്‍ വിമാനത്താവളം. ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്.
അപകടത്തിന്റെ അന്വേഷണച്ചുമതല എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്കാണ്. ഇവരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല.
കരിപ്പൂര്‍ അപകടത്തിന് കാരണം റണ്‍വേ അപാകതയല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയതാണ്.ചെറിയ ഇനത്തില്‍പ്പെട്ട ബോയിംഗ് 737 വിമാനമാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്.
വൈമാനികന്റെ വിമാന ലാൻഡിംഗിലെ പിഴവാണ് വിമാന അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വൈമാനികരുടെ സംഘടനകള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടതോടെ അഞ്ച് മാസത്തെ സമയമാണ് കേന്ദ്രവ്യോമയാന മന്ത്രാലയം അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്നത്.
വിമാനത്തിന്റെ കോക്പിറ്റ് റിക്കാര്‍ഡ്, ബ്ലാക്ക് ബോക്സ് എന്നിവയില്‍ നിന്നുളള തെളിവുകള്‍ പരിശോധിച്ച് വരികയാണ്. വിമാന അപകടം നടന്നിട്ട് രണ്ടുമാസമാകുമ്പോഴും രണ്ട് പേര് ഇപ്പോഴും പരിക്കേറ്റ് ആശുപത്രിയില്‍ തന്നെയാണ്. അപകടത്തില്‍ 21 പേരാണ് മരിച്ചത്.