സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടത്തിന് നാളെ ഒരാഴ്ചയാകുന്പോൾ അന്വേഷണം ചെന്നെത്തുന്നത് വിമാന പൈലറ്റുമാരിലേക്കും വിമാനത്തിലേക്കും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.40നാണ് ദുബായിൽ നിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയിൽ നിന്നു നിയന്ത്രണം വിട്ട് 35 അടി താഴ്ചയിലേക്കു വീണ് 18 പേർമരിച്ചത്. പരിക്കേറ്റവരിൽ മൂന്നു പേർ ഇപ്പോഴും വെന്റിലേറ്ററിലാണ്.18 പേരുടെ പരിക്ക് ഗുരുതരമാണ്.
വ്യോമായാന മന്ത്രാലയത്തിന്റെ നിർദേശത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യും ഡിജിസിയെയും അപകട അന്വേഷണം നടത്തിവരികയാണ്.
സംഭവ ദിവസം വിമാനത്തിന് ലാൻഡിംഗ്് അനുമതി നൽകിയ കരിപ്പൂർ എയർട്രാഫിക് കണ്ട്രോൾ യൂണിറ്റിൽ നിന്നുളള തെളിവെടുപ്പും ജീവനക്കാരുടെ മൊഴിയെടുക്കലും പൂർത്തിയാക്കിയ സംഘം പ്രാഥമിക അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിവരികയാണ്.
അപകടത്തിനു കാരണം കരിപ്പൂർ റണ്‍വേ പ്രശ്നമില്ലെന്ന് ബോധ്യമായിട്ടുണ്ട്. എടിസിയിൽ നിന്നു സുരക്ഷിത ലാൻഡിംഗിനു അനുമതി വാങ്ങിയ വിമാനം റണ്‍വേയിൽ ഇറങ്ങിയതിലെ താളപ്പിഴ, വിമാനം നിയന്ത്രണ വിധേയമാക്കാനൊരുങ്ങുന്നതിനിടയിൽ റണ്‍വേയിൽ കാണപ്പെട്ട താഴ്ന്നിറങ്ങിയ നിംന്നോനത മേഘങ്ങൾ (ലോ ക്ലൗഡ് പ്രതിഭാസം),
വിമാനത്തിന്റെ സാങ്കേതിക തകരാർ തുടങ്ങിയവ അപകടത്തിന് വഴിയൊരുക്കിയതെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘമെത്തിയത്. വിമാനത്തിന്റെ ബ്ലാക്ക് ബോകസ് അടക്കമുളള ശാസ്ത്രീയ പരിശോധനകൾക്ക് മുന്പുളള അന്വേഷണമാണ് നിലവിൽ പൂർത്തിയാകുന്നത്.
വിമാനത്തിന് സാങ്കേതിക തകരാറുളളതായി പൈലറ്റും കോ-പൈലറ്റും എടിസിയെ അറിയിച്ചിട്ടില്ല. എന്നാൽ വിമാനം റണ്‍വേയുടെ നിശ്ചിത നേർരേഖയിൽ നിന്നു 1200 അടി മുന്നോട്ടു നീങ്ങി ലാൻഡ് ചെയ്തപ്പോഴുണ്ടായ താളപ്പിഴകളാണ് അപകടത്തിന് വഴിവച്ചതെന്നു ബോധ്യമായി.
ചെറിയ വിമാനമായതിനാൽ ലാൻഡിംഗ് സമയത്ത് വേഗം കൂടുതലായാലും വിമാനം പിടിച്ചുനിർത്താൻ വൈമാനികനു കഴിയുമായിരുന്നു.
വിമാനത്തിന്റെ വേഗം കുറഞ്ഞെങ്കിലും മേഘാവൃത അന്തരീക്ഷം വൈമാനികനു നിർത്താനും തിരിച്ചു കൊണ്ടുവരുവാനും സാധിക്കാതെ വിമാനം 35 അടി താഴ്ചയിലേക്കു വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഒന്നിലധികം തവണ വിമാനം ലാൻഡംിഗ് നടത്തിയ സ്ഥലം, നിയന്ത്രണം വിട്ട റണ്‍വേ റിസയുടെ ഭാഗം തുടങ്ങിയവ പരിശോധിച്ചു. 12 വർഷത്തിലേറെ കാലപ്പഴക്കമുളള വിമാനമാണ് അപകടത്തിൽ പെട്ടത്. ഇത് എയർഇന്ത്യ ഒന്നരവർഷം മുന്‍പാണ് പാട്ടത്തിനെടുത്തത്.
വിമാനം ലാൻഡിംഗിലുണ്ടായ പിഴവിനെ തുടർന്നുണ്ടായ സാങ്കേതിക തകരാറുകളാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പരിശോധിച്ചു വരുന്നത്.
വിമാനത്തിന്റെ കോക്പിറ്റ് ഡാറ്റാ റിക്കാർഡറിന്റെയും ബ്ലാക്ക് ബോക്സിന്റെയും വിശദ പരിശോധനകൾക്കു ശേഷമുളള അന്തിമ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് അന്വേഷണ സംഘം ഒൗദ്യോഗിക വിശദീകരണം നൽകുക.