കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടം കഴിഞ്ഞ 10 ദിവസം പിന്നിട്ടിട്ടും പ്രാഥമിക അന്വേഷണം റിപ്പോർട്ട് നൽകാതെ അന്വേഷ സംഘം.
ഡിജിസിഎ പ്രതിനിധിയുടേതടക്കമുളള വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് വിമാന പൈലറ്റുമാരുടെ സംഘടനകളടക്കം പരസ്യമായി രംഗത്തുവന്നതോടെയാണ് പ്രാഥമിക റിപ്പോർട്ട് അടക്കം പെട്ടെന്ന് പുറത്തു വിടാത്തത്.
കഴിഞ്ഞ ഏഴിന് വെളളിയാഴ്ച രാത്രി 7.40നാണ് ദുബായിൽ നിന്ന് 190 യാത്രക്കാരുമായി കരിപ്പൂരിലെത്തിയ എയർ ഇന്ത്യഎക്സ്പ്രസ് വിമാനം റണ്‍വേയിൽ അപകടത്തിൽ പെട്ടത്. ഇതിൽ വിമാന പൈലറ്റുമാരടക്കം 18 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഇപ്പോഴും 61 പേർ ആശുപത്രിയിൽ കഴിയുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. 11 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ 13 പേരും കുട്ടികളാണ്.
അപകടം നടന്ന് തൊട്ടടുത്ത ദിവസം തന്നെ വ്യോമായാന മന്ത്രാലയത്തിന്റെ നിർദേശത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യും ഡിജിസിയേയും ചേർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് വൈമാനികർ രംഗത്തുവന്നത്.
ഡിജിസിഎ പ്രതിനിധിയുടെ വിവാദ പരാമർശത്തെ തുടർന്നാണിത്. തുടർന്ന് അഞ്ച് അംഗ പ്രത്യേക സമിതിയെ അന്വേഷണ ചുമതല ഏൽപ്പിക്കുകയായിരുന്നു. ഇവരോട് അഞ്ച് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
കരിപ്പൂരിൽ വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയ എയർട്രാഫിക് കണ്ട്രോൾ യൂണിറ്റ്, റണ്‍വേ, അപകടത്തിൽ പെട്ട വിമാനം തുടങ്ങിയവയുടെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. വിമാനത്താവള ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കൽ നടപടിയും കഴിഞ്ഞു.
വിമാനത്തിന്റെ ഡിജിറ്റൽ ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡ്(ഡിഎഫ്ഡിആർ), കോക്പിറ്റ് വോയ്സ് റെക്കോർഡും(സിവിആർ) പരിശോധിച്ചു വരികയാണ്.
ഇവയുടെ പരിശോധനകൾ അടക്കം പൂർത്തിയാക്കിയതിന് ശേഷം അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ മതിയെന്ന നിഗമനത്തിലാണ് സംഘം. അപകടത്തിൽ പെട്ട വിമാനം അന്വേഷണ നടപടികൾ പൂർത്തീകരിച്ചതിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് മാറ്റാനാണ് എയർ ഇന്ത്യയുടെ തീരുമാനം.
വിമാനം മഴയും വെയിലും ഏൽക്കാതെ കവറിട്ട് മൂടി കേന്ദ്രസുരക്ഷ സേനയുടേയും(സിഐഎസ്എഫ്), എയർഇന്ത്യ സുരക്ഷ ഉദ്യോഗസ്ഥരുടേയും കാവലിലാണ്.