സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം മാറ്റുന്നതിനുള്ള നടപടികളിലേക്ക് കടന്ന് എയർഇന്ത്യ. ഇതിനു വേണ്ടി എയർഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക സംഘം ഇന്ന് അപകടത്തിൽ പെട്ട വിമാനം പരിശോധിച്ചു തുടങ്ങി.
വിമാനത്തിന്റെ കോക്പിറ്റുഭാഗത്തായി പിളർന്ന് രണ്ടു കഷ്ണങ്ങളായാണ് വിമാനമുളളത്. ഇവ എയർഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനത്ത് എത്തിക്കാനാണ് ശ്രമം. വിമാനം കൊണ്ടുപോകുന്നത് സംബന്ധിച്ച് എയർഇന്ത്യയുടെ പ്രത്യേക സംഘം പദ്ധതി തയാറാക്കും.
തുടർന്ന് വലിയ ക്രെയിനുകളുടെ സഹായത്തോടെ സംഭവ സ്ഥലത്ത് നിന്ന് മാറ്റാനാണ് ആലോചന. അപകടത്തിലൂടെ എയർഇന്ത്യക്ക് കോടികളുടെ നഷ്ടമുണ്ടായിരിക്കുന്നത്. എയർഇന്ത്യയുടെ കീഴിൽ ലാഭകരമായി പ്രവർത്തിക്കുന്ന ഏക വിമാന കന്പനിയാണ് എയർഇന്ത്യ എക്സ്പ്രസ്. ഈ വിമാനങ്ങളിലൊന്നാണ് കരിപ്പൂരിൽ തകർന്നത്.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ്, കോക്ക്പിറ്റ് വോയ്സ് റെക്കോർഡ് തുടങ്ങിയവ അന്വേഷണത്തിനായി ഡെൽഹിയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അപകടത്തിൽ എയർഇന്ത്യ എക്സ്പ്രസിന് രണ്ട് പരിചയ സന്പന്നരായ പൈലറ്റുമാരേയും നഷ്ടമായി.
അപകടത്തിന്റെ നിജസ്ഥിതി അറിയാൻ എയർഇന്ത്യ അന്വേഷണം നടത്തുന്നുണ്ട്. മംഗലാപുരം അപകടത്തിന് ശേഷം എയർഇന്ത്യ എക്സ്പ്രസിന്റെ പൂർണമായും തകർന്ന വിമാന അപകടമാണ് കരിപ്പൂരിലേത്.
വൻതുക ഇൻഷ്വർ ചെയ്തെങ്കിലും അപകടത്തിൽ പെട്ട വിമാനം പൂർവസ്ഥിതിയിലാക്കാൻ പ്രയാസമാണ്. വിമാനക്കന്പനി അധികൃതരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
വിമാന അപകടത്തിന്റെ നിജസ്ഥിതി തേടിയുളള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎ ഐബി)യുടെ പരിശോധന ഇന്നും പുനരാരംഭിച്ചിട്ടുണ്ട്. ഈമാസം ഏഴിന് രാത്രി 7.40നാണ് എയർഇന്ത്യ എക്സ്പ്രസിന്റെ ദുബായിൽ നിന്നുളള വിമാനം കരിപ്പൂരിൽ ലാൻഡിംഗിനിടെ അപകടത്തിൽ പെട്ടത്. വിമാന പൈലറ്റുമാരടക്കം അടക്കം 19 പേരാണ് അപകടത്തിൽ മരിച്ചത്.