കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകടം നടന്ന് തൊട്ടടുത്ത ദിവസം മുതൽ ഇന്നലെ വരെ അന്വേഷണത്തിനെത്തിയത് കേരള പോലീസ് മുതൽ എയർപോർട്ട് അഥോറിറ്റിവരെയുളള ആറ് വ്യത്യസ്ഥ സംഘങ്ങൾ. അപകടം കഴിഞ്ഞ് 15 ദിവസമായിട്ടും ഇതുവരെ ആരും അപകടത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ഈമാസം ഏഴിന് രാത്രി 7.40നാണ് എയർഇന്ത്യ എക്സ്പ്രസിന്റെ ദുബൈയിൽ നിന്നുളള വിമാനം കരിപ്പൂരിൽ ലാൻഡിംഗിനിടെ അപകടത്തിൽ പെട്ടത്. തൊട്ടടുത്ത ദിവസം ഡിജിസിഎയുടെ സംഘവും എയർഇന്ത്യ എക്സപ്രസിന്റെ സംഘവും അന്വേഷണം തുടങ്ങി.
പിന്നീട് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണത്തിനെത്തി. അഞ്ച് അംഗസംഘത്തിന്റെ അന്വേഷണം തുടരുകയാണ്.
അപകടത്തിൽ പെട്ട വിമാനത്തിന്റെ കന്പനിയായ ബോയിംഗ് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.
സംസ്ഥാന പോലീസും അന്വേഷണത്തിലാണ്. ഏറ്റവും ഒടുവിൽ അന്വേഷണത്തിന് എത്തിയത് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സംഘമാണ്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ എയർട്രാഫിക് മാനേജ്മെന്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജെ.പി.അലക്സ്,
സിഎൻഎസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പാൻസിംഗ് എന്നിവരാണ് ഏറ്റവും ഒടുവിൽ അന്വേഷണം ആരംഭിച്ചത്. ഇവർ അഥോറിറ്റി ജീവനക്കാരിൽ നിന്ന് മൊഴി എടുത്തുവരികയാണ്.
അന്വേഷണ സംഘങ്ങൾ വർധിച്ചതോടെ അപകടത്തിൽ പെട്ട വിമാനം അന്വേഷണം പൂർത്തിയായ ശേഷം മാറ്റാനാണ് തീരുമാനം. ഇതിനു മുന്പ് എയർപോർട്ട് അഥോറിറ്റിക്ക് കീഴിലുളള സ്ഥലത്തേക്ക് താത്കാലികമായി നീക്കാൻ ശ്രമങ്ങൾ തുടങ്ങി.
ഇതിനായി കരിപ്പൂരിൽ തന്നെ അഥോറിറ്റിയുടെ അധീനതയിലുളള സ്ഥലമാണ് കണ്ടെത്തിയത്. അപകടത്തിൽ എയർഇന്ത്യ എക്സ്പ്രസിന്റെ രണ്ട് പരിചയ സന്പന്നരായ പൈലറ്റുമാരും 17 യാത്രക്കാരുമാണ് മരിച്ചത്. പരിക്കേറ്റവരിൽ 60 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിൽസയിലാണ്.
കണ്ടെയ്ൻമെന്റ് സോണിൽനിന്ന് മാറ്റി
കോവിഡ് 19നെ തുടർന്ന് ഒരു മാസത്തോളമായി കണ്ടെയ്ൻമെന്റ് സോണിലായിരുന്ന കരിപ്പൂർ വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ നീക്കി. കൊണ്ടോട്ടി നഗരസഭ, പളളിക്കൽ പഞ്ചായത്ത് പരിധിയിലാണ് വിമാനത്താവളമുളളത്.
രണ്ട് തദ്ദേശ സ്ഥാപനങ്ങളിലും കണ്ടെയ്ൻമെന്റ് സോണ് നിയന്ത്രണത്തിലായതോടെയാണ് കരിപ്പൂർ വിമാനത്താവളവും ഇതിലുൾപ്പെട്ടത്. ഇന്നുമുതലാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് കരിപ്പൂർ മേഖല മാറ്റിയത്.
എൻജിൻ മണ്ണിൽ താഴ്ന്ന നിലയിൽ
അപകടത്തിൽ പെട്ട വിമാനത്തിന്റെ ഇന്ധന ടാങ്ക് ഉൾപ്പടെയുളള എൻജിൻ ഭാഗങ്ങൾ വീഴ്ചയിൽ മണ്ണിൽ താഴ്ന്നു. അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണ് മഴയിൽ കുതിർന്ന മണ്ണിൽ താഴ്ന്ന നിലയിൽ ഇവ കണ്ടെത്തിയത്. ഇത് വലിയ പൊട്ടിത്തെറി ഒഴിവാക്കാൻ കാരണമായതാണ് നിഗമനം.
നിശ്ചിത ലാന്റിംഗ് പരിധിയിൽ നിന്ന് 1200 മീറ്റർ ഓവർ ഷൂട്ട് ചെയ്ത വിമാനം റണ്വേയുടെ അറ്റത്തുളള ഇൻസ്ട്രുമെന്റൽ ലാൻഡിംഗ് സിസ്റ്റത്തിന്റെ ആന്റിനക്കടിച്ച് 35 അടി താഴ്ചയിലേക്ക് കൂപ്പ്കുത്തുകയാ യിരുന്നു.
ഫൈബർ കൊണ്ട് നിർമിച്ച ആന്റിന ആയതിനാൽ വിമാനത്തിന്റെ ചിറക് തകർന്നില്ല. ഇന്ധന ഭാഗമായ ചിറക് തകർന്നാൽ നിമിഷങ്ങൾക്കകം വിമാനം കത്തി ചാന്പലാകും.
കരിപ്പൂരിൽ ഐഎൽഎസ് ആന്റിനകൾ തകർത്ത് വീണസ്ഥലം മഴയിൽ നനവുള്ള മണ്ണിലേക്കാണ്. ഇതോടെ എൻജിൻ ഭാഗത്തെ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടു.
കരിപ്പൂരിലെ അപകട സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എടിസി വിമാനത്തിന്റെ ഗതി തെറ്റി എന്ന് മനസിലായതോടെ ഫയർ ഫോഴ്സ് സംഘത്തെ വിവരം അറിയിച്ചു. ഇവരുടെ ശാസ്ത്രീയ ഇടപെടൽ കൂടിയായതോടെ വിമാനം കത്തിയില്ല.